ആംബുലന്‍സിന് മാര്‍ഗ തടസം ഉണ്ടാക്കി; സ്വകാര്യ ബസിന് 10,000 രൂപ പിഴ

Uncategorized

തൃശൂര്‍: ആംബുലന്‍സിന് മാര്‍ഗ തടസമുണ്ടാക്കിയ സ്വകാര്യ ബസിന് 10,000 രൂപ പിഴ. രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ ഒന്നര മിനിട്ടോളം നിര്‍ത്തിയിട്ടതിനാണ് സ്വകാര്യ ബസിനെതിരെ പിഴ ഈടക്കിയത്. പാലിയേക്കര ടോള്‍ പ്ലാസയിലായിരുന്നു സംഭവം. ബസിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവറെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുപ്പിക്കാന്‍ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.
ടോള്‍പ്ലാസയില്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ലെങ്കിലും വരിയില്‍ നില്‍ക്കാന്‍ കൂട്ടാക്കാതെ സമീപത്തെ പെട്രോള്‍ പമ്പിലൂടെ കടന്ന്് വരി തെറ്റിച്ചു കയറാന്‍ ശ്രമിച്ചു. ആംബുലന്‍സിന് കടന്നു പോകാനുള്ള എമര്‍ജന്‍സി ട്രാക്കിന് കുറുകെ നിര്‍ത്തിയിട്ടായിരുന്നു സ്വകാര്യ ബസിന്റെ കടന്നു കയറ്റം. സൈറണ്‍ മുഴക്കി ആംബുലന്‍സ് എത്തിയെങ്കിലും ബസ് മാറ്റിയില്ല.
മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ ബഹളം വെച്ചെങ്കിലും ഡ്രൈവര്‍ വണ്ടി മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് അതുവഴി എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ഡിഒയാണ് ബസിനെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ബസ് മുന്‍പും പലവട്ടം ടോള്‍പ്ലാസയില്‍ വരി തെറ്റിച്ചിട്ടുണ്ട്.

See also  പാലിയേക്കര ടോൾ പ്ലാസ വലം വെയ്ക്കൽ സമരം ഇന്ന്