എറണാകുളം മണ്ഡലത്തില്‍ 4403 ഇരട്ടവോട്ടുകള്‍; യു.ഡി.എഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

Kerala

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ 4403 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. ഇരട്ടവോട്ടുകള്‍ ഉള്ളവരുടെ ബൂത്ത് നമ്പര്‍, സീരിയല്‍ നമ്പര്‍, വിലാസം എന്നിവയടക്കം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട വോട്ട് രേഖപ്പെടുത്തുന്നവര്‍ക്കെതിരേ നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ടുപോവുമെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യു.ഡി.എഫിന് വോട്ട് ലഭിക്കാതിരിക്കാന്‍ ഇടതുപക്ഷം വ്യാജ പ്രചരണങ്ങളുമായി മുന്നോട്ടുവന്നെന്നും എം.എല്‍.എ ആരോപിച്ചു. തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നോട്ടയ്ക്ക് വോട്ടു ചെയ്യണമെന്ന് എല്‍ഡിഎഫ് വ്യാപകപ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ കൊതുകള്‍ പെരുകിയെന്ന ഇടതുപക്ഷ പ്രചാരണത്തെയും എം.എല്‍.എ പരിഹസിച്ചു. ഇടതുപക്ഷം ഭരിച്ചപ്പോള്‍ കൊതുകുകളുണ്ടായിരുന്നില്ലെയെന്ന് അദ്ദേഹം ചോദിച്ചു.

See also  ദേശീയപാത വികസനം അതിവേഗം: ജി സുധാകരൻ