തൃശൂര്‍ ജില്ലയില്‍ പോലീസ് ലഹരിവേട്ട ശക്തമാക്കും; 60 പേര്‍ കൂടി പിടിയില്‍

Breaking News Crime Featured
ശൂര്‍: ജില്ലയില്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയ വിരുദ്ധവേട്ട പോലീസ് ശക്തമാക്കി. വിവിധ മയക്കുമരുന്ന് കേസുകളിലും ഗുണ്ടാകേസുകളിലും ഉള്‍പ്പെട്ട 60 പേരെകൂടി കരുതല്‍ തടങ്കലിലാക്കി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 201 ആയി. കഞ്ചാവ് മാഫിയയുടെ കുടിപ്പകയില്‍ മുണ്ടൂരില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസന്വേഷണത്തിന്റെ ഭാഗമായാണ് വേട്ട.
കൊല ചെയ്യപ്പെട്ടവര്‍ക്കും അക്രമികള്‍ക്കും എതിരേ ക്രിമിനല്‍ കേസുകളുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള കുടിപ്പകയില്‍ നിന്നാണ് അക്രമത്തിനു തുടക്കം. നേരിട്ട് ബന്ധപ്പെട്ട ആറു പേര്‍ക്ക് പുറമെ കൊലപാതകത്തില്‍ സഹായികളായ നിരവധി പേരും കേസില്‍ പ്രതികളായേക്കും. പ്രതികളുടെ ബന്ധുക്കളാണ് സഹായികളില്‍ ഏറെയും.

അതോടൊപ്പം കഞ്ചാവ് മാഫിയ ലോബിയുടെ വേരറുക്കുന്നതിനുള്ള നടപടികളിലാണ് കമ്മീഷ്ണര്‍ യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ്. ഒറ്റുകാരെ അറുകൊല ചെയ്യുന്ന മാഫിയാ നടപടി അതീവ ഗൗരവമായാണ് പോലീസും കാണുന്നത്. ഓരോ സ്റ്റേഷനിലും ഒരു എസ്.ഐയുടേയും അഞ്ച് പോലീസുകാരുടേയും നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി. ഓപ്പറേഷന്‍ കെന്നബിസ് എന്ന പേരില്‍ മാഫിയവേട്ട ശക്തമാക്കി. മാഫിയാ സംഘാംഗങ്ങളെകുറിച്ചും കഞ്ചാവ് കച്ചവടങ്ങളെകുറിച്ചും പോലീസിന് രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ ജനങ്ങളുടെ സഹകരണം തേടാനാണ് പരിപാടി. ആളൊഴിഞ്ഞ വീടുകളില്‍ മദ്യപാനം ഉള്‍പ്പെടെ നടക്കുന്നതു കണ്ടാല്‍ ഉടനടി പോലീസിനെ വിവരമറിയിക്കണമെന്ന് കമ്മീഷ്ണര്‍ അറിയിച്ചു. വിവരങ്ങള്‍ രഹസ്യമാക്കി വെക്കുമെന്ന ഉറപ്പും പോലീസ് നല്‍കുന്നു. ജില്ല കണ്‍ട്രോള്‍ റൂമില്‍ 9446032353 നമ്പറില്‍ വിളിച്ച് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. വാട്‌സ് ആപ് നമ്പര്‍: 9497918090.
ജില്ലയിലേക്ക് മയക്കുമരുന്ന് വരുന്ന വഴികള്‍ കണ്ടെത്താനും പിടികൂടാനും അതിര്‍ത്തി പ്രദേശങ്ങളിലും തീരദേശത്തും നിരീക്ഷണവുംപരിശോധനയും ശക്തമാക്കി. എക്‌സൈസ് സംഘവും രംഗത്തുണ്ട്. പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കഞ്ചാവു വില്‍പ്പന നടക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര. ബോധവല്‍ക്കരണം നടത്താനും ഉദ്ദേശിക്കുന്നു. മുന്‍ വര്‍ഷം വേണ്ട ബ്രോ ലഹരിക്ക് എതിരേ നടത്തിയ ബോധവല്‍ക്കരണം ഗുണം ചെയ്തു. രക്ഷിതാക്കളേയും ഇതില്‍ പങ്കാളികളാക്കും. മുണ്ടൂരില്‍ വെട്ടേറ്റു മരിച്ചവരും നിരവധി കേസുകളിലെ പ്രതിയെന്നു പോലീസ്.
വരടിയം ഭാഗത്ത് ഒരുമിച്ചായിരുന്ന കഞ്ചാവ് വില്‍പ്പന സംഘം വഴി പിരിഞ്ഞതിനെ തുടര്‍ന്ന് സ്ഥിരമായി കൊലവിളിയായിരുന്നു. മരിച്ച ശ്യാം തുടര്‍ച്ചയായി കേസിലെ പ്രതികളുടെ വസതിയില്‍ അക്രമം നടത്തിയിരുന്നുവെന്നാണ് പറയുന്നത്. പേപ്പട്ടി ശ്യാം എന്നായിരുന്നു വിളിപ്പേര്. കൊലപാതകമുണ്ടായ ദിവസം പന്നിപ്പടക്കവുമെറിഞ്ഞിരുന്നു. സഹികെട്ടപ്പോള്‍ പ്രതികള്‍ സംഘടിച്ചു ഇവരെ പിന്തുടരുകയായിരുന്നുവത്രെ. അതാണ് വെട്ടിക്കൊല്ലാനുള്ള കാരണമെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇരുവിഭാഗവും നിരന്തരം ഫോണ്‍വഴിയും അല്ലാതെയും ഭീഷണിപ്പെടുത്തിയിരുന്നു. പരുക്കേറ്റു കിടക്കുന്നയാളുടെ അമ്മ കഞ്ചാവു കേസില്‍ പിടിയിലായിരുന്നു. വീട്ടുകാരെയും ആക്രമിക്കുമെന്ന തരത്തിലേക്കു ഭീഷണി വളര്‍ന്നപ്പോള്‍ പ്രതികള്‍ തിരിച്ചടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ പോലീസ് ആസ്ഥാനത്ത് പ്രതികളെ കൊണ്ടുവന്ന ശേഷം വാനില്‍ കയറ്റിയപ്പോള്‍ പലരും അദ്ഭുതപ്പെട്ടു. അത്രയും ചെറിയ പ്രായത്തിലുള്ളവരായിരുന്നു രണ്ടു പ്രതികള്‍.
കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് വീണ്ടും പോലീസ് പിടിയില്‍. രണ്ടു പടക്കമേറു കേസുകളില്‍ ജാമ്യം നേടിയ ശേഷം വിലസുകയായിരുന്ന കടവിക്ക് എതിരേ പോലീസ് ഈയടുത്ത് പ്രത്യേക ഹര്‍ജി നല്‍കി. കോടതി ജാമ്യം റദ്ദാക്കുകയും ചെയ്തു. അതോടെ ഒളിവില്‍ പോയി. ഒളിവില്‍ കഴിഞ്ഞ കാട്ടുപ്രദേശത്തു നിന്ന് ഇന്നലെ കടവിയെ പോലീസ് സംഘം പൊക്കി. ഇന്നു കോടതിയില്‍ ഹാജരാക്കും. മുണ്ടൂര്‍ ഇരട്ടക്കൊലപാതക കേസ് പ്രതികളെ തപ്പി നടക്കുന്നതിനിടെയാണ് കടവി രഞ്ജിത് പിടിയിലായത്. മുങ്ങിനടക്കുന്ന പ്രതികള്‍ക്ക് എതിരേയും പോലീസ് തെരച്ചില്‍ ശക്തമാക്കി. ഇയാള്‍ക്കു ജില്ലയില്‍ പ്രവേശനവിലക്കുണ്ടായിരുന്നു. അതിന്റെ കാലാവധി തീര്‍ന്നു.