റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയതോടെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ മികച്ച ഫോമിലാണ് രോഹിത്.
ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ താരം റാഞ്ചിയിലും മൂന്നക്കം കടന്നതോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്നോ അതിലധികമോ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓപ്പണറായി രോഹിത് മാറി. മൂന്ന് സെഞ്ച്വറികള്‍ നേടിയ ഗവാസ്കറിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഹിറ്റ്മാന് എത്തിയിരിക്കുന്നത്.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടാനായാല്‍ ഗവാസ്കറിന്റെ റെക്കോര്‍ഡ് പഴങ്കഥയാകും. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 176 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സുമാണ് രോഹിത് നേടിയത്. റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ 117 റണ്‍സുമായി രോഹിത് ശര്‍മ്മ ക്രീസിലുണ്ട്.