ദുബായിൽ ബസ് അപകടം: ആറ് മലയാളികളടക്കം 17 പേര്‍ മരിച്ചു

Breaking News Crime Featured International

ദുബായ്: ദുബായിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികളടക്കം 17 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാര്‍ ബസിൽ ഉണ്ടായിരുന്നു.

സംഭവത്തിൽ ആറ് മലയാളികളടക്കം 10 ഇന്ത്യക്കാരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയും ഒമാനിൽ അക്കൗണ്ടൻ്റുമായ ദീപക് കുമാര്‍, ദുബായിലെ സാമൂഹ്യ പ്രവർത്തകനായ തൃശൂര്‍ തള്ളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ, കണ്ണൂർ തലശേരി സ്വദേശികളായ ഉമ്മർ ചോനോകടവത്ത്, മകൻ നബീൽ ഉമ്മർ എന്നിവരാണ് മരിച്ചത്. മരണപ്പെട്ട ദീപക്കിൻ്റെ ഭാര്യയും മക്കളുമടക്കം നാല് ഇന്ത്യക്കാര്‍ ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം 5.40 ന് ഒമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടത്തിൽപ്പെട്ടത്. ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈൻ ബോർഡിലേക്കു ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൂർണമായും തകർന്നു. ഇന്ത്യക്കാര്‍ക്ക് പുറമേ ഒമാൻ, അയര്‍ലെൻ്റ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മരിച്ചു.

മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുലിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരുടെ തിരിച്ചറിയൽ പരിശോധന നടത്തിയത്.

See also  കുതിരാനില്‍ വീണ്ടും വാഹനാപകടം, ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്!