അഞ്ചിടത്തും എൽഡിഎഫ് വൻവിജയം നേടും: എൽഡിഎഫ് കൺവീനർ

Politics

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും ബിജെപിക്കും ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ശക്തമായ താക്കീത് നൽകും. ജനങ്ങളുടെ പ്രശ്നങ്ങളും വികസന കാര്യങ്ങളും ചർച്ച ചെയ്യുന്നതിന് പകരം നിസാര വിഷയങ്ങളുടെ പേരിൽ വിവാദം ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തിനാലാണിത്. ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നത്. ജാതി ഭ്രാന്ത് ഇളക്കിവിടുന്നതനെതിരെ ജനങ്ങൾ ശക്തമായ മറുപടി നൽകും. എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കെതിരെ ഒരു ആരോപണവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. സർക്കാരും എൽഡിഎഫും വിശ്വാസികൾക്കൊപ്പമാണെന്നതിന് ഏറ്റവും വലിയ തെളിവാണ് ശബരിമല വികസനത്തിൽ സർക്കാർ കാണിച്ച താൽപ്പര്യം. മൂന്ന് വർഷത്തിനുള്ളിൽ 1500 കോടി രൂപ അവിടെ ചെലവഴിച്ചൂവെന്ന് കണക്ക് മുന്നോട്ടുവച്ചിട്ടും യുഡിഎഫും ബിജെപിയും പ്രതികരിച്ചിട്ടില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോൾ എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. യുഡിഎഫിനെ അങ്കലാപ്പിലാക്കുന്നത് ഇതാണ്. ബിജെപിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബോധ്യമായി. ബിജെപിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ പോലും വോട്ടുകച്ചവടത്തിനാണ് യുഡിഎഫുമായി അവർ ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടവും അഴിമതി വിരുദ്ധ നിലപാടും ജനങ്ങൾ വിലയിരുത്തും. പാലായിലെ ജനവിധി അഞ്ച് മണ്ഡലങ്ങളിലുംആവർത്തിക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു.

See also  അത് കള്ളകമ്യൂണിസം; കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ സനല്‍കുമാര്‍ ശശിധരന്‍