after-a-36-hours-thrissur-pooram-comes-to-end

തൃശൂര്‍പൂരത്തിന്‌ ആചാരത്തികവോടെ കൊടിയിറക്കം; അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ തൃശൂരിനു പുതിയ പൂരക്കലണ്ടറായി…

Breaking News Featured

തൃശൂര്‍: തൃശൂര്‍പൂരത്തിന്‌ ആചാരത്തികവോടെ കൊടിയിറക്കം. പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുടെ തിടമ്പുമായി ചന്ദ്രശേഖരനും ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെ നിലപാടുതറയില്‍വന്ന്‌ തുമ്പിക്കൈയുയര്‍ത്തിയതോടെ തട്ടകങ്ങള്‍ക്കു നിര്‍വൃതി. അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ തൃശൂരിനു പുതിയ പൂരക്കലണ്ടറായി. അടുത്ത പൂരംമേയ്‌ രണ്ടിനാണ്‌.

ഒന്നരദിവസം പൂരം പെയ്‌തിറങ്ങിയശേഷം ഇന്നലെ സന്ധ്യയ്‌ക്ക്‌ ക്ഷേത്രങ്ങളില്‍ ഭഗവതിമാരെ തൃപുടമേളത്തോടെ വരവേറ്റ്‌ കൊടിയിറക്കി. ഒട്ടനവധി പ്രതിബന്ധങ്ങളെ മറികടന്നാണ്‌ ഇക്കുറി തൃശൂര്‍ പൂരം നിറ ചരിത്രമായത്‌. വെടിക്കെട്ടില്‍ ഓലപ്പടക്കം മാലയായി കൂട്ടിക്കെട്ടുന്നതടക്കം ചെറിയ വിഷയത്തില്‍ പോലും സുപ്രീംകോടതിയുടെ സഹായം തേടേണ്ടിവന്നു.

വീട്ടമ്മമാരുൾപ്പെടെ വൻ ജനാവലി

ഏഷ്യയിലെ വലിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ പൂരംവിളംബരത്തിനു എഴുന്നള്ളിക്കാനും തുടക്കത്തില്‍ തടസമുണ്ടായി. ഒഴുകിയെത്തി പൂരത്തിനു പിന്തുണയേകിയ വന്‍ ജനാവലിയിലൂടെയാണ്‌ പൂരാവേശം നാടു തിരികെ പിടിച്ചത്‌. വീട്ടമ്മമാരുള്‍പ്പെടെ വന്‍ജനാവലിയാണ്‌ തേക്കിന്‍കാട്ടിലേക്ക്‌ ഇന്നലെ ഒഴുകിയെത്തിയത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ പാണ്ടിമേളം സമാപിച്ച ശേഷം ശ്രീമൂലസ്‌ഥാനത്തെത്തി ആദ്യം പാറമേക്കാവ്‌ ഭഗവതി തെക്കോട്ടു തിരിഞ്ഞുനിന്നു.

ആചാരവെടി ഉയര്‍ന്നു…

വടക്കുന്നാഥനെ വണങ്ങിയെത്തിയ തിരുവമ്പാടി ഭഗവതി അഭിമുഖം നിന്നു. തുടര്‍ന്നായിരുന്നു ദേവസോദരിമാരുടെ ഉപചാരം ചൊല്ലല്‍. ശ്രീമൂലസ്‌ഥാനത്ത്‌ ആചാരവെടി ഉയര്‍ന്നതോടെ ചടങ്ങുകള്‍ക്ക്‌ സമാപനമായി. രാവിലെ ഏഴരയോടെ 15 ആനകളുമായി പാറമേക്കാവ്‌ ഭഗവതി മണികണ്‌ഠനാലില്‍നിന്ന്‌ എഴുന്നള്ളി. കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ തിടമ്പേറ്റി. പെരുവനം കുട്ടന്‍മാരാരുടെയും സംഘത്തിന്റെയും ചെണ്ടക്കോല്‍ വിസ്‌മയം പതിനായിരങ്ങളെ ത്രസിപ്പിച്ചു.

താള മേളം

ചെമ്പടയില്‍ തുടങ്ങിയ മേളം ശ്രീമൂലസ്‌ഥാനത്തെത്തി കൂട്ടിത്തട്ടി. കൈകള്‍ വായുവില്‍ ചുഴറ്റിയെറിഞ്ഞ്‌ മേളത്തിനൊപ്പം ആസ്വാദകര്‍ ഇളകിയാടി. ചെണ്ടക്കോലില്‍ ജനമനസുകള്‍ ആവാഹിച്ച്‌ കുട്ടന്‍മാരാര്‍ കൂട്ടിപ്പെരുക്കി. ഇടതുകോലുയര്‍ത്തി തീരുകലാശത്തിനു മേളപ്രമാണി സന്ദേശം നല്‍കിയപ്പോഴേക്കും എല്ലായിടത്തും ഉത്സാഹം അണപൊട്ടി. നായ്‌ക്കനാലില്‍നിന്ന്‌ തിരുവമ്പാടി ഭഗവതി രാവിലെ എട്ടരയോടെ 15 ആനപ്പുറത്ത്‌ എഴുന്നള്ളി. കൊമ്പന്‍ ചന്ദ്രശേഖരനായിരുന്നു കോലമേന്തിയത്‌.

കൊടും ചൂട് അവഗണിച്ച് ജനം

കിഴക്കൂട്ട്‌ അനിയന്‍മാരാര്‍ മേളത്തിന്റെ രസച്ചരടു വലിച്ചുമുറുക്കി. കൂടിനിന്നവരൊക്കെ സംഘനൃത്തത്തിലെന്ന പോലെ കൂടെച്ചേര്‍ന്നു. കൊടുംചൂടില്‍ വിയര്‍ത്തൊലിച്ചിട്ടും അതവഗണിച്ച്‌ ജനം ഉയരെയുയരെ കൈകളുയര്‍ത്തി. ഇരുവിഭാഗവും ഇന്നലെ തട്ടകക്കാരായ വീട്ടമ്മമാര്‍ക്ക്‌ കുടമാറ്റം വീണ്ടും കാണാനുള്ള അവസരമൊരുക്കി. പിന്നീടു വെടിക്കെട്ടുമുണ്ടായി. കുഴിമിന്നികള്‍ തുരുതുരാ മാനത്തു ചിറകടിച്ചപ്പോള്‍ ഒന്നു കൂടി നഗരം വിറകൊണ്ടു. 3000 പോലീസുകാരുടെ സേവനത്തിലൂടെ കര്‍ശന സുരക്ഷയാണ്‌ ഒരുക്കിയത്‌. സുരക്ഷാഭീഷണിയുടെ പേരില്‍ നാട്ടുകാരും കടുത്ത നിയന്ത്രണത്തിലായി.

See also  ആരു ജയിക്കുമെന്ന ആകാംക്ഷയില്‍ തൃശൂര്‍: സുരേഷ്‌ഗോപിയുടെ വരവ് മുന്നണികളുടെയും വോട്ടുകള്‍ വിഭജിച്ചെന്ന്