മെസ്സിയുടെ ഗോളില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം

International Sports

ലാറ്റിനമേരിക്കൻ ശക്തികൾ ഒരിക്കൽകൂടി നേർക്കുനേർ വന്നപ്പോൾ ഇത്തവണ ജയം അർജന്റീനക്ക്. വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ ക്യാപ്റ്റൻ ലയണൽ മെസ്സി നേടിയ ഏക ഗോളിലായിരുന്നു സൗഹൃദ മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനയുടെ ജയം. 13-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. മെസ്സിയെടുത്ത പെനാൽറ്റി കിക്ക് ബ്രസീൽ ഗോൾ കീപ്പർ അലിസൻ തട്ടിയകറ്റിയെങ്കിലും അർജന്റീനൻ ക്യാപ്റ്റന്റെ കാലിലേക്ക് തന്നെ പന്ത് വന്നെത്തുകയായിരുന്നു. പന്ത്പോസ്റ്റിന്റെ ഇടത് മൂലയിലേക്കെത്തിച്ച് മെസി വലകുലുക്കി. 10-ാം മനിറ്റിൽ ബ്രസീലിനും ലഭിച്ചിരുന്ന ഒരു പെനാൽറ്റി. എന്നാൽ ഗാബ്രിയേൽ ജീസസ് അത് പുറത്തേക്കടിച്ചു. പതിവിന് വിപരീതമായി എതിർ ഗോൾമുഖത്തേക്ക് കടന്നാക്രമിച്ചുകൊണ്ടായിരുന്നു അർജന്റീനയുടെ ഗെയിംപ്ലാൻ. തുടക്കത്തിൽ ചില ലക്ഷ്യമില്ലാത്ത പാസിങ്ങുകളുണ്ടായെങ്കിലും മെസിയുടെ ഗോളോടെ കളിയുടെ നിയന്ത്രണം അവർ ഏറ്റെടുത്തു. റിയാദിലെ കിങ് സൗദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. നിരവധി മലയാളികളുടെ സാന്നിധ്യം സ്റ്റേഡിയത്തിലുണ്ടായിരുന്നു. കോപ്പ അമേരിക്ക ഫുട്ബോൾ വിജയികളായ ബ്രസീൽ, സൂപ്പർ താരം നെയ്മറില്ലാതെയാണ് ഇറങ്ങിയത്.ഇതിന് മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയത് കോപ്പ അമേരിക്കയിലാണ്. അന്ന് ബ്രസീൽ 2-0-ന് ജയിച്ചിരുന്നു.

See also  3E അക്കാദമി സബ് ജൂനിയർ ഫുട്ബോൾ- സെമി ഫൈനൽ ഇന്ന് (19 -05 -2019 )