താനൂരില്‍ ബിജെപി- എസ്ഡിപിഐ സംഘര്‍ഷം; നാലുപേർക്ക് കുത്തേറ്റു

Breaking News Crime Kerala

താനൂരില്‍ ബിജെപി- എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ വ്യാപാരിയായ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും കുത്തേറ്റു. ബിജെപി വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പ്രകടനം നടന്നുകൊണ്ടിരിക്കെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ ഷാഫി ഫ്രൂട്‌സ് കടയുടെ സമീത്ത് നിന്നാണ് സംഘര്‍ഷം തുടങ്ങിയതെന്ന് പറയുന്നു.

മുദ്രാവാക്യങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം താനൂര്‍ ജങ്ഷനിലെത്തിയപ്പോള്‍ കടകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഫ്രൂട്‌സ് കടയും പച്ചക്കറി കടയും അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത് തടയാനെത്തിയ കടയുടമ ഷാഫിയെ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. അല്‍പസമയത്തിനു ശേഷം സമീപത്തു വച്ചാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കു കുത്തേറ്റത്. താനൂര്‍ സ്വദേശി പ്രണവ്, മണി, പ്രശാന്ത് തുടങ്ങിയവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്പരമുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായും പരാതിയുണ്ട്.

തിരൂര്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദുല്‍ ഹുദാ പള്ളിക്ക് നേരെയും കല്ലേറുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം സമീപത്തെ മറ്റു പള്ളികളില്‍ ഗേറ്റ് അടച്ചാണ് നമസ്‌കാരം നടത്തിയത്. ഇതു കാരണം പലര്‍ക്കും നമസ്‌കാരവും നഷ്ടപ്പെട്ടതായി അറിയുന്നു. താനൂര്‍ സിഐ എംഎ സിദ്ധീഖ്, എസ്‌ഐ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള താനൂര്‍ പൊലീസും, എംഎസ്പി ബറ്റാലിയനും, ആര്‍ആര്‍എഫ് സംഘവുമാണ് നഗരം നിയന്ത്രിക്കുന്നത്. സംഘര്‍ഷം വ്യാപിച്ചതോടെ താനൂർ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു.

See also  താനൂര്‍ കൊലപാതകം: മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ യു.ഡി.എഫ് ഹര്‍ത്താൽ