അടുത്തത് ദക്ഷിണേന്ത്യ; 2024 ൽ മിഷൻ 333 ലക്ഷ്യമിട്ട് ബിജെപി

Breaking News Featured

ന്യൂഡൽഹി: 2019 ലെ മിന്നും വിജയത്തിനുശേഷം ദക്ഷിണേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങി ബിജെപി. 2024 ൽ ബിജെപിയുടെ ബാലികേറാമലയായ ദക്ഷിണേന്ത്യ പിടിച്ച് 333 സീറ്റുകളിൽ വിജയിക്കണമെന്നാണ് ബിജെപിനേതൃത്വത്തിൻ്റെ ലക്ഷ്യമെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ൽ ബിജെപി 282 സീറ്റും 2019 ൽ 303 സീറ്റും പിടിച്ചു. എന്നാൽ ഇതിലും കൂടുതൽ സീറ്റുകള്‍ ബിജെപിക്ക് ആവശ്യമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി സുനിൽ ദിയോധര്‍ പറയുന്നു. 2024 ൽ 333 സീറ്റുകളിൽ ബിജെപിക്ക് വിജയിക്കണമെങ്കിൽ പശ്ചിമ ബംഗാൾ മുതൽ തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളിൽ ഇടപെടൽ നടത്താനാകണം. ഇതോടൊപ്പം ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടിയെന്ന മുദ്രയും എടുത്തകളയണമെന്നും ദിയോധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുന്നോടിയായി പ്രാദേശിക ഭാഷകള്‍ പഠിക്കാൻ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയിൽ ബിജെപിക്ക് 28 ൽ 25 സീറ്റും പിടിക്കാനായി. തെലങ്കാനയിൽ 17 ൽ നാല് സീറ്റുകളിലും വിജയിക്കാനായി. എന്നാൽ കേരളം , തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങൾ ബിജെപിക്ക് ബാലികേറാമലയായി തുടരുകയാണ്. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഇവിടെ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് സാധിക്കും. ഇനി സഖ്യങ്ങള്‍ക്കല്ല, പാര്‍ട്ടിക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ശബരിമല വിഷയം നിലനിൽക്കുമ്പോഴും സിപിഎം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാതെ കോൺഗ്രസിലേക്ക് പോയതിനെ കുറിച്ച് പരിശോധിക്കുമെന്നും ബിജെപി കേരളാ ഘടകം പറഞ്ഞു.

ദേശീയ തലത്തിൽ ആര്‍എസ്എസിന് ശക്തമായ അടിത്തറയുള്ള പ്രദേശമാണ് കേരളം. എന്നാൽ ഓരോ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ട് ഷെയറിൽ മാത്രമേ വര്‍ധനവ് ഉണ്ടാകുന്നുള്ളൂ. പ്രതീക്ഷിക്കുന്ന സീറ്റുകള്‍ ലഭിക്കാതിരിക്കുന്നത് പ്രവര്‍ത്തകരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സമാന സാഹചര്യമാണ് ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും നിലനിൽക്കുന്നത്.

See also  തൃശൂര്‍പൂരത്തിന്‌ ആചാരത്തികവോടെ കൊടിയിറക്കം; അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ തൃശൂരിനു പുതിയ പൂരക്കലണ്ടറായി...