പാർലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; നിയമം പ്രാബല്യത്തിൽ

National Top News

ഡൽഹി : പൗരത്വ ഭേദഗതി ബില്ലിൽ വ്യാഴാഴ്ച രാത്രി വൈകി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഗസറ്റിൽ പ്രഖ്യാപനം വന്നതോടെ ഇന്നു മുതൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്.
ലോക്സഭയിലും രാജ്യസഭയിലും ഏറെ ചർച്ചകൾക്കും നാടകീയരംഗങ്ങൾക്കുമൊടുവിലാണ് ബിൽ പാസായത്. എന്നാൽ പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ജനം തെരുവിൽ പ്രതിഷേധിക്കുന്നുണ്ട്. വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അസമിലും ത്രിപുരയിലും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയത്. ഇവിടെ പോലീസ് വെടിവയ്പിൽ മൂന്ന് പേർ മരണമടഞ്ഞു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.
ഗുവാഹത്തി നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ലംഘിച്ച് തെരുവുകളിൽ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നത്.
അസാമിൽ ജനക്കൂട്ടം ബി.ജെ.പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ ആക്രമിച്ചു. ബിജെപി എം.എൽ.എയുടെ വീടിന് തീവച്ചു.

See also  മഹാരാഷ്ട്ര; വിശ്വാസ വോട്ടെടുപ്പില്‍ വിധി നാളെ പറയുമെന്ന് സുപ്രീം കോടതി