വിചാരണയ്ക്കിടെ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ച് തെളിവെടുപ്പ്

Crime Featured

കൊലപാതകക്കേസ് വിചാരണയ്ക്കിടെ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ച് തെളിവെടുപ്പ് നടത്തി. തൃശ്ശൂർ പ്രിൻസിപ്പൽ ജില്ലാ കോടതിയിലാണ് അപൂർവമായ തെളിവെടുപ്പ് നടന്നത്. ജില്ലാ സെഷൻസ് ജഡ്‌ജി സോഫി തോമസാണ് സി.സി.ടി.വി. ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകന്റെയും സാന്നിധ്യത്തിൽ പ്രദർശിപ്പിച്ച് സാക്ഷികളിൽനിന്ന് തെളിവെടുത്തത്.

ആദ്യമായാണ് ജില്ലാ കോടതിയിൽ ഇത്തരമൊരു തെളിവെടുപ്പ് നടക്കുന്നത്.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കണ്ണൂർ രാമപുരംവാരം ദേശത്ത് ജയകൃഷ്ണനെ (39) മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണവേളയിലായിരുന്നു ഈ അപൂർവ നടപടി. ഗുരുവായൂർ പോലീസാണ് കേസ് അന്വേഷിച്ചത്. 2013 ഒാഗസ്റ്റ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ പൂക്കോട് ഇരിങ്ങപ്രം നാലകത്ത് വീട്ടിൽ ഷെരീഫ്, ജയകൃഷ്ണനെ മാരകമായി പരിക്കേൽപ്പിച്ച് 2250 രൂപയും മൊബൈൽ ഫോണും കവർന്നുവെന്നാണ് കേസ്.

ജയകൃഷ്ണൻ പ്രതി ഷെരീഫിനൊപ്പം ബാറിൽ മദ്യപിക്കാൻ വന്നതിന്റെയും തിരിച്ച് മോട്ടോർ സൈക്കിളിൽ കൂട്ടിക്കൊണ്ടുപോകുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന്‌ ലഭിച്ചിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹർജി സമർപ്പിച്ചിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹർജി അനുവദിക്കുകയായിരുന്നു.

See also  പോലീസ് ഗുണ്ടകളെ ഉന്മൂലനം ചെയ്യുവാൻ ഒരുങ്ങുന്നു