കേരളം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ നല്ല പങ്ക് ബ്രിട്ടനില്‍ നിന്നാണ്. എന്നാല്‍ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ലണ്ടന്‍: കേരളത്തില്‍ മുതല്‍മുടക്കാന്‍ യു.കെ.യിലെ സംരംഭകരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരത്തിനായി തുറന്നുകൊടുത്ത ശേഷമാണ് മുഖ്യമന്ത്രി സംരംഭകരെ കേരളത്തിലേക്ക് ക്ഷണിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
”വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണ്. കേരളത്തിലേക്ക് സ്വാഗതം.” – എന്ന് പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. കേരളം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ നല്ല പങ്ക് ബ്രിട്ടനില്‍ നിന്നാണ്. എന്നാല്‍ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2600-ലധികം കമ്പനികള്‍ ഇതിന്റെ ഭാഗമാണ്. ലണ്ടന്‍ ഓഹരി വിപണി ഇന്ന് വ്യാപാരത്തിന് തുറന്നുകൊടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതര്‍ ക്ഷണിച്ചത്. ലണ്ടന്‍ സമയം രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുമായി ആശയവിനിമയം നടത്തി.