തൃശൂര്‍: മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇടപ്പെട്ടതോടെ തേക്കിന്‍കാട് മൈതാനിയില്‍ ശുചീകരണം തുടങ്ങി. കൊക്കര്‍ണിപറമ്പില്‍ കുഴിയെടുത്തു മാംസാവശിഷ്ടമുള്‍പ്പെടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ മാലിന്യം തട്ടുന്നത് തടഞ്ഞിരുന്നു. തുടര്‍ന്ന് ശുചീകരണബാധ്യതയില് നിന്നു കോര്പ്പറേഷന് പിന്മാറി. ഇതോടെ പൂരം കഴിഞ്ഞു മൂന്നുദിവസമായിട്ടും മാലിന്യം നീക്കാനാകാത്ത അവസ്ഥയിലായിരുന്നു. മന്ത്രി ഇടപെട്ടതോടെ കോര്പ്പറേഷന് ജീവനക്കാര്‍ മാലിന്യം നീക്കുന്ന പ്രവൃത്തി വ്യാഴാഴ്ച്ച രാത്രിയോടെ തുടങ്ങി.
കൊക്കര്‍ണ്ണി പറമ്പില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് നീക്കം ചെയ്തു. മാലിന്യം തട്ടിയതിന് എതിരേ കോര്‍പ്പറേഷനെ പ്രതിയാക്കി ദേവസ്വം ബോര്‍ഡ് അസി.പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. ഹിന്ദു ഐക്യവേദിയും കോര്‍പ്പറേഷനെതിരേ എ.സി.പിക്കും, ഡി.എം.ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരല്ല മാലിന്യത്തിനിടയില്‍ മറ്റുവസ്തുക്കള്‍ കൊണ്ടിട്ടതെന്നു മേയര്‍ അറിയിച്ചു.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ കലക്ടര്‍ക്ക് കത്തു നല്‍കിയെങ്കിലും ഇടപെടല്‍ ഉണ്ടായില്ല. കൊക്കര്‍ണിപറമ്പില്‍ ആനപട്ടയും പിണ്ഡവും മാത്രം തട്ടാന്‍ ദേവസ്വം ബോര്‍ഡ് നല്കിയ അനുമതിക്ക് വിരുദ്ധമായി പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പടെ മാലിന്യങ്ങള്‍ തട്ടിയത് നീക്കം ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മാലിന്യം സ്വയം നീക്കംചെയ്യാന്‍ ബോര്‍ഡ് തീരുമാനിച്ചത്. അഞ്ചു ലോറി ലോഡ് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. വടക്കുന്നാഥന് ദേവസ്വം മാനേജര്‍ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറി കെ. കേശവദാസ്, സംസ്ഥാന സെക്രട്ടറി പി.സുധാകരന്, വിശ്വഹിന്ദു പരിഷത് ജില്ലാസെക്രട്ടറി പ്രസാദ് അഞ്ചേരി, ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി എം.മോഹനകൃഷ്ണന് തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ ഏതാനും മുട്ടത്തോടുകള്‍ കണ്ടെത്തിയിരുന്നു. അവ ആരോ ബോധപൂര്‍വം കൊണ്ടിട്ടതാണെന്ന സംശയവുമുണ്ടായി. അന്വേഷണം വേണമെന്ന് ക്ഷേത്രം ഉപദേശകസമിതിയും ആവശ്യപ്പെട്ടിരുന്നു.
സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രം ഉപദേശകസമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വവും ശക്തമായി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു.മന്ത്രി സുനില്‍കുമാര്‍ നേരത്തെ മേയര്‍ അജിത വിജയന്, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവരുമായും ചര്‍ച്ച നടത്തി. മാലിന്യനിക്ഷേപം സംബന്ധിച്ചു കോര്പ്പറേഷന് നടപടികള്‍ ദുരൂഹമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പൂരം കഴിഞ്ഞയുടനെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കാതെ തേക്കിന്‍കാട്ടില്‍ കുഴിയെടുത്തു മൂടാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതോടെ കോര്പ്പറേഷന് ശുചീകരണ തൊഴിലാളികള്‍ സ്ഥലംവിട്ടു. അതേസമയം മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ജെ.സി.ബി. ഉപയോഗിച്ചു കുഴിയെടുത്തു മൂടാനാണ് ശ്രമിച്ചതെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കെ.കേശവദാസ് കുറ്റപ്പെടുത്തി.
അജൈവ മാലിന്യങ്ങളും വലിയ തോതിലുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടതോടെ പ്രശ്നപരിഹാരമുണ്ടാക്കാമെന്നു ഉറപ്പു ലഭിച്ചിരുന്നു. അതേസമയം ഒരുവിഭാഗം ജനങ്ങള്‍ തടഞ്ഞതിനാല്‍ മാലിന്യനീക്കത്തില്‍ നിന്നു പിന്മാറിയെന്നു കോര്പ്പറേഷന് അറിയിച്ചു. എന്നാല്‍ തേക്കിന്‍കാട് പരിപാലിക്കേണ്ട ബാധ്യത കോര്പ്പറേഷനാണെന്നു ചൂണ്ടിക്കാട്ടുന്നു. മാലന്യം നിക്ഷേപിക്കാന്‍ വടക്കുംനാഥന്റെ കൊക്കര്‍ണി പറമ്പ് ദേവസ്വം ബോര്‍ഡ് അനുവദിച്ചത് ശരിയായില്ലെന്ന് തേക്കിന്‍ക്കാട് ഡിവിഷന് കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ പറഞ്ഞു. കുഴികുത്തി നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം. പൂരം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തേക്കിന്‍കാട്ടിലെ മാലിന്യം നീക്കാന്‍ സാധിക്കാതിരുന്നത് ഗുരുതര വീഴ്ച്ചയാണ്.
പൂരംനാളില്‍ തേക്കിന്‍കാടും നഗരവും ശുചീകരിച്ച് കോര്പ്പറേഷന് ശുചീകരണവിഭാഗം തൊഴിലാളികള്‍ പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയടക്കം തേക്കിന്‍കാട്ടില്‍ കുഴിയെടുത്തുമൂടാന്‍ ഒരുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാലിന്യസംസ്കരണം തടയുകയായിരുന്നു. ഇതോടെ ശുചീകരണം കോര്പ്പറേഷന് നിര്‍ത്തി.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റേതാണ് വടക്കുന്നാഥ ക്ഷേത്രവും മൈതാനവും. മാലിന്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മാലിന്യ സംസ്കരണ പ്രദേശത്ത് ഏറെനേരം നിന്നെങ്കിലും കോര്പ്പറേഷന് തിരിഞ്ഞുനോക്കിയില്ല. ഈ സാഹചര്യത്തിലാണ് ആര്.എസ്.എസ്. വിഷയം ഏറ്റെടുക്കുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിലെ ഉപദേശക സമിതി സി.പി.എം. പിടിച്ചെടുത്തതിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും അതും കാര്യമായി ഏറ്റില്ല. ഇപ്പോഴത്തേത് അനുകൂല സാഹചര്യമാണെന്നാണ് ആര്.എസ്.എസ് വിലയിരുത്തുന്നത്.