തൃശൂർ നഗരത്തിലെ വെള്ളക്കെട്ട്: ആറാഴ്ച്ചക്കകം നടപടിക്ക് ഹൈക്കോടതി നിർദേശം

Local News Thrissur

തൃശൂർ: നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് ആറാഴ്ചക്കകം വിദഗ്ദ സമിതിയെ നിയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. സർക്കാരിനാണ് കോടതി നിർദേശം നലൽകിയത്. മഴ പെയ്തു തോർന്നാലും നിലക്കാതെ തൃശൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് മനുഷ്യനിർമിതമാണെന്നും ഇതിന് കാരണമാകുന്നത് തൃശൂർ കോൾ മേഖലയിലെ അനധികൃത നിർമാണങ്ങളാണെന്നും അശാസ്ത്രീയമായ ബണ്ട്, പാലം, കെട്ട് എന്നിവയുടെ നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തൃശൂർ ഡി.സി.സി.ജനറൽ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ എ. പ്രസാദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഗവൺമന്റിനോട് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്‌. തൃശൂർ നഗരവാസികൾ മഴക്കാലത്തനുഭവിക്കുന്നത് യാതനയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വെള്ളക്കെട്ട് സംബന്ധിച്ച് ഹർജിക്കാരൻ ഉന്നയിച്ച വിഷയം യാഥാർഥ്യമാണെന്നും വിഷയം ഹർജിക്കാരനെ മാത്രമല്ല ഒരു നാടിനെ തന്നെ ബാധിക്കുന്നതാണെന്നും വളരെ ഗൗരവത്തോടുകൂടി ഗവൺമെൻറ് ഈ വിഷയത്തെ നോക്കി കാണണമെന്നും. ഹൈക്കോടതി നിരീക്ഷിച്ചു. മഴ മാറിയിട്ടും തൃശൂർ നഗരത്തിലെ അയ്യന്തോൾ, ഉദയാനഗർ, മൈത്രി പാർക്ക്, പ്രിയദർശിനി ഹൗസിംഗ് കോളനി, ചേറ്റുപുഴ, പുല്ലഴി, പെരിങ്ങാവ്, ചെമ്പുക്കാവ്, പൂങ്കുന്നം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ആഴ്ചകളോളം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന്റെ വിശദീകരണമാരാഞ്ഞിരുന്നു. കോൾ പാടങ്ങളിലെ അനധികൃത നിർമാണങ്ങളും കാനകളും കനാലുകളും മണ്ണിട്ടു മൂടുന്നതും ജലമൊഴുകി പോകേണ്ട കനാലുകളിലെ ഭീകരമായ കുളവാഴ ശല്യവും, ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനനുസരിച്ച് ഇടിയഞ്ചിറ, ഏനാമാവ് റഗുലേറ്ററ്റുകൾ പ്രവർത്തിപ്പിക്കാനാകാത്തതുമുൾപ്പെടെയുള്ള കാരണങ്ങൾ വിശദീകരിച്ചു കൊണ്ടാണ് കോൺഗ്രസ്‌ നേതാവ് എ.പ്രസാദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറിയെ സ്വമേധയാ ഹർജിയിൽ പ്രതിചേർത്ത ഹൈക്കോടതി സമയബന്ധിതമായി വിദഗ്ധ സമിതി രൂപീകരിക്കാനും ഹരജിക്കാരൻ ഉന്നയിച്ച കാര്യങ്ങളിൽ പഠനം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽഭാവിയിൽ നഗരത്തിൽ ഇത്തരത്തിലുള്ള സാഹചര്യമുണ്ടാകാതിരിക്കാനുള്ള മേൽ നടപടികൾ കർശനമായി സ്വീകരിക്കാനും തൃശൂർ ജില്ലയുടെ ജല വിനിയോഗത്തെ സംബന്ധിച്ച് ദീർഘകാലത്തേക്കുള്ള പഠനവും ആക്ഷൻ പ്ലാനും രൂപീകരിക്കുന്നതിനും ഹൈക്കോടതി നിർദേശം നൽകി.