ഒരു കിലോയിലധികം കഞ്ചാവുമായി ക്രിമിനല്‍ പിടിയില്‍ : പിടിയിലായത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കോക്കാന്‍ സുബി
തൃശൂര്‍: ചാലക്കുടി കൊരട്ടി കൂവക്കാട്ട് കുന്നില്‍ വച്ച് ഒരു കിലോയിലധികം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ ചെമ്മിനിയാട്ടില് വീട്ടില്‍ തങ്കയുടെ മകന് സുബീഷ് എന്ന കോക്കാന്‍ സുബി (37) ചാലക്കുടി ഡിവൈ. എസ്.പി. കെ. ലാല്‍ജിയുടെ നിര്‍ദേശപ്രകാരം കൊരട്ടി എസ്ഐ രാമു ബാലചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായി.
കുറച്ചു നാളുകളായി മേലൂര്‍ മേഖലയില്‍ സുബി കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി ഡിവൈഎസ്പിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘങ്ങള്‍ ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ വൈകിട്ടോടെ കറുകുറ്റിയിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ എന്ന രീതിയില്‍ സുബീഷുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. പോലീസ് ആവശ്യപ്പെട്ട സ്ഥലത്ത് കഞ്ചാവുമായി എത്തിയ സുബിഷിനെ കൈയോടെ പിടികൂടുകയായിരുന്നു.
മൊത്തക്കച്ചവടക്കാരില്‍നിന്നു എണ്ണായിരം രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ചെറു പൊതികളാക്കി അഞ്ഞൂറ് രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. ഇങ്ങനെ ഒരു കിലോക്ക് അമ്പതിനായിരം രൂപ വരെ കിട്ടുമെന്ന് ഇയാള്‍ പോലീസ് സംഘത്തിനോട് സമ്മതിച്ചു. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ആവശ്യപ്പെടുന്ന സ്ഥലത്ത് രഹസ്യമായി എത്തിച്ചു നല്കുന്നതാണിയാളുടെ രീതി. പ്രത്യേകാന്വേഷണ സംഘത്തിലും ഇയാളെ പിടികൂടുന്നതിനും ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വിയു സില്‍ജോ, റെജി എയു, ഷിജോ തോമസ്, കൊരട്ടി സ്റ്റേഷനിലെ എഎസ്ഐ ചന്ദ്രന്, പോലീസുകാരായ ദേവേഷ്, ദിനേഷ് പിഎം എന്നിവരാണ് ഉണ്ടായിരുന്നത്. കൊരട്ടി സ്റ്റേഷനിലെ ആറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. പിടികൂടിയ കഞ്ചാവടക്കം സുബിഷിനെ തുടര്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി.