തൃശൂര്‍: തീരദേശ മേഖലയില്‍ കഞ്ചാവ് വില്പനസംഘം സജീവമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഏഴുപേര്‍ അറസ്റ്റില്‍. പെരിയമ്പലം ബീച്ചില്‍ അടഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഏഴു യുവാക്കളെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
അടഞ്ഞുകിടക്കുന്ന കുന്നിക്കുരു എന്ന ഹോട്ടലിലാണ് യുവാക്കള്‍ ഇരിക്കാറ്. ഇവിടെ ഇരിക്കുന്നവരെ പോലീസ് പലവട്ടം വിരട്ടിയോടിച്ചിട്ടുള്ളതാണ്. അതേസമയം ഒരു കേസില്‍പോലും ഉള്‍പ്പെടാത്ത നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പിടിയിലായവര്‍ക്കുമേല്‍ കൂടുതല്‍ വകുപ്പു ചുമത്താന്‍ പോലീസ് ശ്രമിച്ചതായും ഇവര്‍ പരാതിപ്പെട്ടു. ചാവക്കാട് മണത്തലയില്‍ സ്വകാര്യവ്യക്തിയുടെ വീടിനു പുറകില്‍ വളര്ന്നുനില്ക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മണത്തല ബേബിറോഡ് സരസ്വതി സ്കൂളിനു സമീപം കണ്ടരാശേരി രാധാകൃഷ്ണന്റെ വീട്ടുപറമ്പിനു പിറകുവശത്തെ അലക്കുകല്ലിനോട് ചേര്‍ന്നാണ് ചെടികള്‍ വളര്‍ന്നിട്ടുള്ളത്. ഒന്നിന് മൂന്നടിയോളം ഉയരമുണ്ട്. ഇത് മൂപ്പെത്താറായിട്ടുണ്ട്. ചാവക്കാട് പോലീസ് സ്റ്റേഷന് ഓഫീസര്‍ എം.കെ. സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്. ഐ. ശശീന്ദ്രന് മേലയില്‍, സി.പി.ഒമാരായ അബ്ദുള്‍റഷീദ്, ആശിശ്, ശരത്ത്, ഷിനു, നിധിന് എന്നിവരടങ്ങിയ സംഘം പരിശോധനക്കെത്തുകയായിരുന്നു. കഞ്ചാവ് ചെടി പോലീസ് കസ്റ്റഡിയിലെടുത്തു. പറമ്പിന്റെ ഉടമസ്ഥരായ വീട്ടുകാര്‍ക്ക് ഇതേക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ദ്വാരക ബീച്ചിലെ കാറ്റാടികള്‍ക്കിടയില്‍ നേരത്തെ കഞ്ചാവുചെടികള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ചാവക്കാട് കോടതിക്കുമുന്വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനുമുന്നില്‍ രണ്ടു കഞ്ചാവുചെടികള്‍ വളര്‍ന്നു നില്ക്കുന്നതായി കണ്ടെത്തിയിരുന്നു.
പെരിയമ്പലം തങ്ങള്‍പ്പടി സ്വദേശികളായ ജാഫര്‍ (31), അബ്ദുല്‍ സലാം (36), ഹനീഫ (39), ബിനിയാസ് (22), ബെന്ഷിത് (22), ആഷിഖ് (25), നിസാര്‍ (25) എന്നിവരെയാണ് എസ്.ഐ. കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരെ ജാമ്യത്തില്‍വിട്ടു. ബീച്ചില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വ്യാപകമായെന്ന പരാതിയെ തുടര്‍ന്ന് ഇവിടെ തമ്പടിക്കുന്നത് വിലക്കിയിരുന്നതായി പോലീസ് പറഞ്ഞു.