മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമെന്ന് ദുല്‍ഖര്‍ സല്‍മാൻ

Cinema Kerala

തൃശൂർ: പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണെന്നും അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെയും ചെറുക്കണമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയുടെ ഭൂപടത്തിനൊപ്പം ഈ അതിരുകള്‍ക്കപ്പുറത്ത് നമ്മളെയെല്ലാവരും ഇന്ത്യന്‍ എന്നാണ് വിളിക്കുന്നതെന്ന് എഴുതിയിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മതനിരപേക്ഷത എന്നും നിലനില്‍ക്കട്ടെ, നമുക്ക് ഒരുമിച്ച് നില്‍ക്കാം എന്നിങ്ങനെയാണ് ഹാഷ് ടാഗ്.
മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണ്. അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെയും ചെറുക്കണം., എങ്കിലും നമ്മളുടെ പാരമ്പര്യം അഹിംസയാണെന്ന് ഓര്‍ക്കുക, നല്ലൊരു ഇന്ത്യക്കായി സമാധാനപരമായി പ്രതിഷേധിക്കാം എന്ന് ദുല്‍ഖര്‍ സല്‍മാന്‍.
പൗരത്വനിയമത്തിനും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസ് നടപടിക്കുമെതിരെ മലയാളത്തിലെ യുവതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ തോമസ് പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി. ഇന്ത്യ നിന്റെ തന്തയുടെതല്ല എന്നായിരുന്നു അമല പോള്‍ കുറിച്ചത്.

See also  ഹർത്താൽ: നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിച്ചാൽ നടപടിയെന്ന് പോലീസ്