ബലംപ്രയോഗിച്ചു കുടിയൊഴിപ്പിക്കല്‍; പട്ടിക്കാട്ട് ഗുണ്ടാവിളയാട്ടം: സ്ത്രീകൾക്ക് നേരെ അതിക്രമം

Crime
തൃശൂര്‍: പട്ടിക്കാട് സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന അഞ്ചുസെന്റില്‍ താമസിക്കുന്ന കുടുംബത്തെ പട്ടാപ്പകല്‍ ബലംപ്രയോഗിച്ചു ഒഴിപ്പിച്ചു. ഗുണ്ടകളുടെ പിന്‍ബലത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം അക്രമികള്‍ അഴിഞ്ഞാടി. എതിര്‍ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ അടക്കമുള്ള വീട്ടുകാരെ ജെസിബി. ഉപയോഗിച്ചു തട്ടിവീഴ്ത്തിയശേഷം കോരിയെറിഞ്ഞതു സിനിമാസ്‌റ്റൈലില്‍. വീട്ടിലെ വയോധികനായ വികലാംഗന്റെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിവീഴ്ത്തി. മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചു പറമ്പു സെക്കന്‍ഡുകള്‍ കൊണ്ടു ഇടിച്ചു നിരത്തി, കിണറും പെട്ടെന്നു മൂടി. സ്ത്രീകള്‍ നിലവിളിക്കുന്നതു മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതും ഗുണ്ടകള്‍ തടഞ്ഞു. വൈകി സ്ഥലത്തെത്തിയ പോലീസ് അക്രമികള്‍ക്കു സഹായകരമായ നിലപാടാണെടുത്തതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.
കണ്‍വന്‍ഷന്‍ സെന്ററിന്റെ മുകള്‍ നിലയിലുണ്ടായിരുന്നവര്‍ ഫോണില്‍ അക്രമത്തിന്റെ ദൃശ്യങ്ങളെടുത്തു. ഇവിടേക്കും ഗുണ്ടകള്‍ പാഞ്ഞെത്തി. ഫോണുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഓഫിസില്‍ പിടിച്ചുവച്ചു. ഓരോരുത്തരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ഫോണിന്റെ പാസ്‌വേര്‍ഡ് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നശിപ്പിച്ചശേഷമാണ് തിരികെ നല്‍കിയത്. ഇതിനിടെ ചിലരുടെ കഴുത്തിനു പിടിച്ചു തിരിച്ചതായും പരാതിയുണ്ട്. അഞ്ചുസെന്റ് സ്ഥലം നികത്തി കിണര്‍ മൂടിയശേഷമാണ് പോലീസ് എത്തിയത്. വിവാദ ഭൂമി ബാങ്കില്‍നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടല്‍ ഉടമ പറഞ്ഞതോടെ സ്ത്രീകളെയും ഹോട്ടല്‍ പ്രതിനിധിയേയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇരുകൂട്ടരും പരാതി നല്‍കി.
നിയമമനുസരിച്ചാണെങ്കില്‍ പോലീസ് സഹായത്തോടെ ഒഴിപ്പിക്കുന്നതിനു പകരം അക്രമം കാട്ടുകയാണോ എന്നു ചോദിച്ചവരെയും ഗുണ്ടാസംഘം വിരട്ടി. സമീപവാസികളും ദൃക്‌സാക്ഷികളും പോലീസിനോട് അക്രമത്തിന്റെ വിശദാംശം വെളിപ്പെടുത്തി. പോലീസ് കേസെടുത്തിട്ടില്ല. രണ്ടുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പീച്ചി പോലീസ് പറഞ്ഞു. ഉപദ്രവിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണു പോലീസ് നിലപാട്.
See also  ചോറ് വേവാത്തതിന്റെ പേരില്‍ തര്‍ക്കം; അമ്മയെ പാത്രം കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം തടവ് ശിക്ഷ