രോഹിത്തിന് സുവര്‍ണകാലം; അച്ഛനായതോടെ ആളാകെ മാറി, തകര്‍പ്പന്‍ ഫോം.

Featured Sports

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എംഎസ് ധോണിയും ദിനേഷ് കാര്‍ത്തിക്കും കഴിഞ്ഞാല്‍ ടീമിലെ സീനിയര്‍ താരം കൂടിയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ രോഹിത് ഇന്ത്യന്‍ ടീമില്‍ എത്തിയിട്ട് പതിമൂന്ന് വര്‍ഷം തികയ്ക്കും. 2007 ജൂണ്‍ 23ന് അയര്‍ലന്‍ഡിനെതിരെ ആയിരുന്നു അരങ്ങേറ്റം.

ഇത്രയും വര്‍ഷത്തിനിടെ എത്രയോ ബാറ്റിങ് റെക്കോര്‍ഡുകള്‍ രോഹിത് തന്റെ പേരിലാക്കിയിട്ടുണ്ട്. 32 വയസാകുമ്പോഴേക്കും 24 സെഞ്ച്വറിയുമായി തികഞ്ഞ ബാറ്റ്‌സ്മാന്‍ ആയി മാറിക്കഴിഞ്ഞു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിന്റെ റെക്കോര്‍ഡുകള്‍ ഗംഭീരമാണ്. നാലുതവണ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ താരം വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയേയും നയിച്ചിട്ടുണ്ട്.

മകള്‍ പിറന്നതോടെ രോഹിത്തിന് സുവര്‍ണകാലമാണെന്ന് പറയാം. അച്ഛനായതിന്റെ ഉത്തരവാദിത്വം ബാറ്റിങ്ങിലും പ്രകടിപ്പിക്കാന്‍ കഴിയുന്നു. ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ പ്രതികൂല സാഹചര്യത്തിലും രോഹിത് പുറത്തെടുത്ത പ്രകടനം ഇതിന് ഉദാഹരണമാണ്. കൂറ്റനടികള്‍ മാറ്റിവെച്ച് 122 റണ്‍സുമായി പുറത്താകാതെ നിന്നാണ് രോഹിത് ഇന്ത്യ വിജയതീരത്തെത്തിച്ചത്.

രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും 57 റണ്‍സുമായി തിളങ്ങി. നാലാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 140 റണ്‍സ് കൂടി നേടിയതോടെ ലോകകപ്പില്‍ ടോപ് സ്‌കോററാകാനുള്ള കുതിപ്പിലാണ് താരം. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 319 റണ്‍സ് നേടിയ രോഹിത് ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിന്(343) തൊട്ടുതാഴെയാണ്. ന്യൂസിന്‍ഡിനെതിരായ മൂന്നാം മത്സരം മഴമൂലം മുടങ്ങിയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ രോഹിത് ഫിഞ്ചിന് മുന്നിലെത്തുമായിരുന്നു.

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രോഹിത് പാക്കിസ്ഥാനെതിരായ മത്സരശേഷം പറഞ്ഞു. മകള്‍ പിറന്നു, ക്രിക്കറ്റില്‍ സ്ഥിരതയോടെ ആസ്വദിച്ച് കളിക്കാനാകുന്നു. മികച്ച ഒരു ഐപിഎല്‍ സീസണ്‍ കടന്നുപോയി. അങ്ങിനെ തന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണെന്നും രോഹിത് പറഞ്ഞു. രോഹിത് പ്രകടനസ്ഥിരത ആവര്‍ത്തിച്ചാല്‍ ഇന്ത്യ ലോകകപ്പ് തന്നെ നേടുമെന്നാണ് ആരാധകരും സഹതാരങ്ങളും പ്രതീക്ഷിക്കുന്നത്.