ഗുരുവായൂര്‍: ഭക്തിയുടെ നിറവില്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി. ഭഗവാന് ഗീതോപദേശം നല്കിയ ദിവസമായാണ് ഏകാദശിയെ കണക്കാക്കുന്നത്. വ്രതം നോറ്റ് പതിനായിരങ്ങളാണ് ഗുരുവായൂര്‍ നടയില്‍ കണ്ണനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂരിലെ പ്രതിഷ്ഠാദിന ആഘോഷവും നടക്കുകയാണ്.
ഏകാദശിയിലെ പ്രധാന ചടങ്ങായ ഭഗവാന്റെ പുറത്തേക്കെഴുന്നള്ളിപ്പ് പഞ്ചവാദ്യത്തോടെ ആരംഭിച്ചു. രാവിലെ പെരുവനം കുട്ടന്മാരാരുടെ മേള പ്രമാണിത്വത്തില്‍ കാഴ്ച ശീവേലി നടന്നു. ഏകാദശി പ്രസാദഊട്ടില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. വൃശ്ചികമാസത്തിലെ ഏകദശിയോട് അനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് പരിസമാപ്തിയാകും. ദശമി നാളില്‍ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്.
ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ രോഗദുരിത ശാന്തി, കുടുംബൈശ്വര്യം, സമ്പല്‍ സമൃദ്ധി, മനഃശാന്തി എന്നിവയാണ് ഫലം. ഭഗവാന് മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം ക്ഷേത്രത്തില്‍ എത്താന്‍ കഴിയുന്നത് സുകൃതമായാണ് കാണുന്നത്.
