വെസ്റ്റിന്‍ഡീസിനെ ബൗളര്‍മാര്‍ എറിഞ്ഞിട്ടു; ഇന്ത്യ സ്വന്തമാക്കിയത് 125 റണ്‍സിന്റെ തകർപ്പൻ വിജയം

Cricket Featured Sports

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് 125 റണ്‍സിന്റെ തകർപ്പൻ വിജയം. ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ എറിഞ്ഞിടുകയായിരുന്നു. ജയത്തോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തോല്‍വി അറിയാതെയുള്ള അഞ്ചാം മത്സരമാണിത്. നിലവില്‍ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യക്ക് സാധിച്ചു.

ഇനി നടക്കാനുള്ളതില്‍ ഒരു മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കും. ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 143 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ കുരുക്കുകയായിരുന്നു വിന്‍ഡീസ്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായെങ്കിലും ലോകേഷ് രാഹുല്‍, വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്.

അതില്‍ രാഹുലും കോലിയും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ടീമിനെ തിരിച്ചുകൊണ്ടുന്നു. രാഹുല്‍ 64 ബോളുകളില്‍ 48 റണ്‍സും കോലി 82 ബോളുകളില്‍ 72 റണ്‍സുമെടുത്തു. പിന്നാലെ വന്ന ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ആറ് റണ്‍സില്‍ നില്‍ക്കവേ വിന്‍ഡീസിന്റെ ക്രിസ് ഗെയിലിനെ മുഹമ്മദ് ഷമി മടക്കിയതോടെ വിന്‍ഡീസ് പരാജയംഉറപ്പിച്ചു.

അടുത്തതായി എത്തിയ ആംബ്രിസ് പിടിച്ച് നിന്നെങ്കിലും അധികം മുന്നോട്ട് പോയില്ല. അതേസമയം ഷെയ് ഹോപിനെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പന്തില്‍ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്ത് ഒരിക്കല്‍ കൂടി തിളങ്ങി. ജസ്പ്രീത് ബുംറയ്ക്കും ചാഹലിനും രണ്ട് വിക്കറ്റ് ലഭിച്ചു. അര്‍ദ്ധസെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ കോലിയാണ് കളിയിലെ താരം

See also  മെസ്സിയുടെ ഗോളില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം