ഇഞ്ചുറി ടൈം ഗോളിൽ ഇന്ത്യയ്ക്ക് മൂന്നാം സമനില

Football Sports

ഡുഷാൻബെ: താജികിസ്താന്റെ തലസ്ഥാനമായ ഡുഷാൻബെയിലെ തണുപ്പിൽ കീഴടങ്ങാതെ ഇഞ്ചുറി ടൈമിലെ ഗോളിൽ അഫ്ഗാനിസ്താനെ ഒപ്പം പിടിച്ച് ഇന്ത്യ. 92-ാം മിനിറ്റിൽ സെമിനെൻ ഡെംഗൽ നേടിയ ഗോളിലാണ് ഇന്ത്യ അഫ്ഗാനെ സമനിലയിൽ പിടിച്ചത്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ കോർണർ കിക്കിൽ ഉയർന്നു ചാടി ഹെഡ് ചെയ്ത സെമിനെൻ ഡെംഗലിന് പിഴച്ചില്ല. ഇന്ത്യ 1-1 അഫ്ഗാനിസ്താൻ. 76ാം മിനിറ്റിൽ പ്രീതം കോട്ടലിന് പിൻവലിച്ചാണ് കോച്ച് ഡെംഗലിനെ കളത്തിലിറക്കിയത്. ഈ തീരുമാനം ഗ്രൗണ്ടിൽ വിജയിച്ചു. ലോകകപ്പ് യോഗ്യതാ ഫുട്ബോളിൽ നാലു മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാം സമനിലയാണിത്. ഇതോടെ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റായിരിക്കുകയാണ് ഇന്ത്യയ്ക്ക്. ഒരു മത്സരത്തിൽ വിജയിച്ച അഫ്ഗാനിസ്താന് നാലു പോയിന്റുണ്ട്. ഒരു ജയം പോലും സ്വന്തമാക്കാനാവാത്ത ഇന്ത്യ ഗ്രൂപ്പ് ഇ-യിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഖത്തർ, ബംഗ്ലാദേശ് ടീമുകൾക്കെതിരേ സമനില നേടിയപ്പോൾ ഒമാനോട് ഇന്ത്യ തോൽക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു അഫ്ഗാൻ ലീഡെടുത്തത്. ഡേവിഡ് നജാമിന്റെ പാസ്സിൽ സെൽഫഗാർ നസാറിയുടെ ഷോട്ട് പിഴച്ചില്ല. അഫ്ഗാനിസ്താൻ 1-0 ഇന്ത്യ. ഇന്ത്യക്കായി മലയാളി താരങ്ങളായ സഹൽ അബ്ദുസമദും ആഷിഖ് കുരുണിയനും കളത്തിലിറങ്ങി. അതേസമയം പ്രതിരോധ താരം അനസ് ഇന്ന് കളിച്ചില്ല. 10 ഡിഗ്രി സെൽഷ്യസായിരുന്നു ഡുഷാൻബെയിലെ താപനില. ഗ്ലൗ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങളെല്ലാം കളിക്കാനിറങ്ങിയത്.

See also  രോഹിത്തിന് സുവര്‍ണകാലം; അച്ഛനായതോടെ ആളാകെ മാറി, തകര്‍പ്പന്‍ ഫോം.