ജാര്‍ഖണ്ഡില്‍ അധികാരമുറപ്പിച്ച് മഹാസഖ്യം; ബിജെപിക്ക് തിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദത്തിലേക്ക്

National Top News

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരമുറപ്പിച്ച് മഹാസഖ്യം. ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. മുഖ്യമന്ത്രി രഘുബർ ദാസിന്റെ തോൽവി ബിജെപിക്ക് ഇരട്ടപ്രഹരമായി. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ മുന്നേറ്റം നടത്തിയാണ് മഹാസഖ്യം അധികാരത്തിലേറുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് കോൺഗ്രസും ആർജെഡിയും ജെഎംഎം നയിക്കുന്ന മഹാസഖ്യത്തിന് കരുത്തുപകർന്നു. ജെഎംഎം നേതാവും പ്രതിപക്ഷ നേതാവുമായ ഹേമന്ത് സോറനായിരിക്കും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് വ്യക്തമാക്കി. ദേശീയതയും ആർട്ടിക്കിൾ 370-ഉംപൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോൾ പ്രാദേശിക വിഷയങ്ങളിലൂന്നി ഹേമന്ത് സോറന് പിന്നിൽ ഒന്നിച്ചുനിന്നതാണ് മഹാഖ്യത്തെ വിജയത്തിലേക്ക് നയിച്ചത്. ജാർഖണ്ഡിൽ ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുകയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ ഹേമന്ത് സോറന്റെ പ്രതികരണം. ജാതിയുടെയും മതത്തിന്റെയും പേരിൽ ആരുടെയും പ്രതീക്ഷകൾ തകരില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നെ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഹേമന്ത് സോറനെ പ്രഖ്യാപിച്ചതോടെ ജെഎംഎം-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത അകന്നിരുന്നു. കോൺഗ്രസിലാകട്ടെ നേതാക്കൾ പലരും കൊഴിഞ്ഞുപോയി. പിസിസി പ്രസിഡന്റ് പോലും രാജിവച്ച് ആം ആദ്മിയിൽ ചേർന്നിട്ടും ഒറ്റ മനസ്സുമായി ഈ തിരഞ്ഞെടുപ്പിനെ നേരിടാനായതാണ് കോൺഗ്രസിനെ തുണച്ചത്. തെക്കൻ ജാർഖണ്ഡിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത് 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി ആർപിഎൻ സിങ്ങായിരുന്നു. എക്സിറ്റ് പോളുകൾ ത്രിശങ്കു പ്രവചിച്ചപ്പോഴും അപകടസാധ്യതയുണ്ടെങ്കിലും സർക്കാരുണ്ടാക്കാമെന്ന ഉറച്ച പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. പക്ഷേ എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്. ജെ.വി.പിയുടെയും എ.ജെ.എസ്.യുവിന്റെയും വിലപേശൽ ശേഷി നഷ്ടപ്പെട്ടതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്.

See also  തിരിച്ചടിച്ച് പവാര്‍; 50 എംഎല്‍എമാര്‍ യോഗത്തിനെത്തി; അജിത്തിനൊപ്പം മൂന്നുപേര്‍ മാത്രം