പൂരം കഴിയുമ്പോള്‍; കൈ നോട്ടക്കാര്‍ക്ക് കഷ്ടതയുടെ പൂരക്കാലം

Featured Thrissur

തൃശൂര്‍: പൂരത്തിന്റെ ആവേശത്തില്‍ നിന്നും കാഴ്ചക്കാരായി വന്നവരെല്ലാം സന്തോഷത്തോടെ മടങ്ങുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ മടങ്ങുന്നത് വേദനയോടെയാണ്. ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇത്തവണ കനത്ത സുരക്ഷാ നടപടികളാണ് പൂരത്തോട് അനുബന്ധിച്ച് കൈ കൊണ്ടത്. ഇതോടെ വലഞ്ഞത് ഭൂതം, ഭാവി, വര്‍ത്തമാനം പറയാന്‍ പൂര നഗരിയിലെത്തിയ കൈ നോട്ടക്കാരാണ്.
സുരക്ഷാ ക്രമീകരണങ്ങളും മറ്റും കാരണം മുന്‍കാലങ്ങളെ അപേക്ഷിച്ച് പൂരത്തിന് എത്തിയവരുടെ എണ്ണത്തിലും ഇക്കൊല്ലവും കുറവുണ്ടായിരുന്നു. ഇതോടെ ഫലം പറയാനായി കൂട്ടിലാക്കിയ തത്തകളും ചീട്ടുകളുമായെത്തിയവര്‍ ആരാലും തിരഞ്ഞു നോക്കപ്പെടാത്തവരായി. കൊട്ടാരക്കര, പാലക്കാട്, ആറാട്ടുപുഴ, ഷൊര്‍ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവര്‍ പൂര നഗരയിലെത്തിയത്. കൂടുതലും സ്ത്രീകളാണ്. തേക്കിന്‍കാട് മൈതാനത്തിന് പുറത്ത് കിഴക്ക് വശത്തായാണ് ഇവര്‍ ഇരുന്നിരുന്നത്.

കഴിഞ്ഞ 10 വര്‍ഷങ്ങളായി പൂര നാളില്‍ ഫലം പറയാനായി പാലക്കാടു നിന്നും വരുന്നതാണ് ലക്ഷ്മി. മൂന്ന് ദിവസം മുമ്പേ എത്തി സ്ഥലത്ത് തമ്പടിക്കും. തിരികെ പോകുമ്പോള്‍ കുറഞ്ഞത് അയ്യായിരമെങ്കിലും കൈയ്യിലുണ്ടാകും. ഇത്തവണ പൊലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കാണികളെ റോഡില്‍ നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെ നിരാശയായാണ് ലക്ഷ്മി മടങ്ങിയത്.

”പഞ്ചവാദ്യവും കുടമാറ്റവും കഴിഞ്ഞ് കൈ നോക്കാനായി ആളുകളെത്തും. കുടമാറ്റം കഴിഞ്ഞ് രാത്രി എട്ടു മണിയോടെ മൈതാനത്തിനു വടക്കും കിഴക്കുമായി നടപ്പാതയിൽ കൈ നോട്ടക്കാരുടെ എണ്ണം കൂടി. മൂന്നോ നാലോ പുരുഷൻമാർ മാത്രം. നാല്പതിനു മുകളിലുള്ള സ്ത്രീകളാണ് ഭാവി പ്രവചനത്തിനു വന്നിരിക്കുന്നത്” കുന്നംകുളത്തു നിന്നു വന്ന വേലായുധൻ പറഞ്ഞു.

പ്രണയത്തിൽ കുരുങ്ങിയ ചെറുപ്പക്കാരും, വിവാഹം വൈകുന്ന പെൺകുട്ടികളും, വീടു പണയം വച്ചവരും, ഭാര്യയും, ഭർത്താവ് ഉപേക്ഷിച്ചു പോയവരും, തത്ത ചീട്ട് എടുത്തു ഫലം പറയുന്നതു കേൾക്കാൻ വരുമെന്നു ദേവകി പറയുന്നു. എന്നാല്‍ ഇത്തവണ ഇതൊന്നും ഉണ്ടായില്ല. പ്രതീക്ഷയോടെ കാത്തിരുന്ന് ഒടുവില്‍ ആരും വരാതെ ആയതോടെ തത്തകളേയും കൂട്ടിലടച്ച് ഇരിക്കേണ്ടി വന്നു. രാവിലെ തങ്ങളുടെ അവസരം നഷ്ടമായതിന്റെ വേദനയോടെയാണ് അവരെല്ലാം മടങ്ങിയതും.