ബൈക്കിൽ ഇടിച്ചിട്ട് പോയ കല്ലട ബസ് കല്ലെറിഞ്ഞു നിർത്തിച്ചു; യാത്രക്കാർ പെരുവഴിയിൽ

Crime Kerala

തിരുവനന്തപുരത്തു നിന്ന് ബെംഗളുരുവിലേയ്ക്ക് പോയ കല്ലട ബസിന് നേര്‍ക്ക് ആക്രമണം. ദേശീയപാതയിൽ കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിനടുത്തു വെച്ച് ബസിനു നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു. പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കിൽ ഉരസിയ ബസ് നിര്‍ത്താതെ പോയതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

രാത്രി പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപത്തു വെച്ചാണ് ബസ് ബൈക്കിൽ തട്ടിയത്. എന്നാൽ ബൈക്ക് യാത്രക്കാരെ ചീത്ത വിളിച്ച ബസ് ജീവനക്കാര്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനങ്ങളിൽ ബസിനെ പിന്തുടരുകയായിരുന്നു. എന്നാൽ ബസിനെ പിന്തുടര്‍ന്ന ഒരു ബൈക്കിനെ ബസ് തട്ടിയതോടെ നാട്ടുകാര്‍ ബസിനു നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്തു നിന്ന് ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, സംഭവത്തിനു പിന്നാലെ ബസ് ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ബസിലുണ്ടായിരുന്ന റിസര്‍വ് ഡ്രൈവറെ ഉപയോഗിച്ചാണ് പോലീസ് റോഡിൽ നിന്ന് വാഹനം മാറ്റിയത്. വഴിയിൽ കുടുങ്ങിയ യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റി വിടാൻ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

See also  ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് അഞ്ചാം ക്ലാസുകാരന് പാമ്പുകടിയേറ്റു