15 ല്‍ 12 ഇടത്ത് ബിജെപി ; ഭരണം ഉറപ്പാക്കി യെദ്യൂരപ്പ സര്‍ക്കാര്‍ ; കര്‍ണാടകയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനും തിരിച്ചടി

National Top News

ബെംഗളൂരു: തന്റെ കസേരയുടെ ഭാവിക്ക് നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കി കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. ഉപതിരഞ്ഞെടുപ്പ് നടന്ന 15-ൽ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോൺഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാൻ കഴിഞ്ഞത് ബിജെപിക്ക് ഇരട്ടിമധുരമാണ്. വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകർന്നു. ഒരിടത്ത് ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രൻ ശരത് കുമാർ ബച്ചെഗൗഡയാണ് ജയിച്ചത്. കോൺഗ്രസിൽ നിന്ന് കൂറുമാറി എത്തിയ എം.ടി.ബി.നാഗരാജിനെ ഹൊസെകോട്ടയിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോൺഗ്രസിന് ജയിക്കാനായത്. ശിവാജി നഗർ കോൺഗ്രസിന്റെ സിറ്റിങ് സീറ്റും ഹുനസുരു ജെഡിഎസിന്റെ സിറ്റിങ് സീറ്റുമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോൾ സഭയിൽ 118 പേരുടെ അംഗബലമായി. നേരത്തെ 106 എംഎൽഎമാർ ബിജെപിക്കൊപ്പമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ 11 സ്ഥാനാർഥികളും കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേർക്കും മന്ത്രിസ്ഥാനവും ലഭിക്കും. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തുമെന്നാണ് അറിയുന്നത്. 12 പേരേയും ക്യാബിനറ്റ് മന്ത്രിമാരാക്കാനാണ് തീരുമാനം. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 17-ൽ 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഫലം എതിരായാലും യെദ്യൂരപ്പ സർക്കാരിനെ ബാധിക്കില്ല. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കർണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎൽഎമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോൾ 118 പേരുടെ പിന്തുണയായി. ഹൊസെകോട്ടയിൽ വിജയിച്ച ശരത് കുമാർ ബച്ചെഗൗഡ ചിക്കബല്ലാപുരിലെ ബിജെപി എംപി ബി.എൻ.ബച്ചെ ഗൗഡയുടെ മകനാണ്. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയവർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് വിമതസ്വരം ഉയർത്തിയാണ് ശരത് കുമാർ സ്വതന്ത്രനായി നിന്നത്. ഇതിനിടെ ബി.എൻ ബച്ച ഗൗഡ മകന് വേണ്ടി പാർട്ടിക്കെതിരെ പ്രവർത്തിച്ചെന്നാരോപിച്ച് കർണാകട മന്ത്രി അശോക് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്ന് അശോക് പറഞ്ഞു.