ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം;രണ്ട് മണ്ഡലം പിടിച്ചെടുത്തു; അരൂരില്‍ അട്ടിമറിയുമായി യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാൻ

Breaking News Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെപ്പിൽ ഇടതുമുന്നണിക്ക് നേട്ടം. യുഡിഎഫിന്റെ ശക്ത കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂർക്കാവും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് നിലനിർത്തി.അരൂരിൽ യുഡിഎഫ് അട്ടിമറി വിജയം നടത്തുകയും ചെയ്തു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരിൽ കനത്ത പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഉസ്മാൻ മണ്ഡലം പിടിച്ചടക്കിയത്. അതേ സമയം 2029വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്ന ഷാനിമോൾ ഉസ്മാന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക തകരാറിനെ തുടർന്ന് നാല് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാൻ സാധിച്ചിട്ടില്ല. ഇതിലെ വിവിപാറ്റുകൾ എണ്ണി രേഖപ്പെടുത്തിയ ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. കോന്നിയിലും എറണാകുളത്തുമാണ് നിലവിൽ വോട്ടെണ്ണൽ പൂർത്തിയാക്കിയത്. കോന്നിയിൽ 9953 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ കെ.യു.ജനീഷ് കുമാർ വിജയിച്ചത്. ജനീഷ് കുമാറിന് 54099 വോട്ടുകൾ ലഭിച്ചപ്പോൾ 44146 വോട്ടുകൾ നേടി യുഡിഎഫിന്റെ പി.മോഹൻ രാജ് രണ്ടാം സ്ഥാനത്തെത്തി. 39786 വോട്ടുകൾ നേടി ബിജെപിയുടെ കെ.സുരേന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. 25 വർഷത്തിന് ശേഷമാണ് കോന്നി എൽഡിഎഫ് പിടിച്ചെടുത്തത്. സിറ്റിങ് എംഎൽഎ അടൂർ പ്രകാശ് ലോക്സഭാ അംഗമായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞെങ്കിലും യുഡിഎഫിന് നിലനിർത്താനായി. 3750 വോട്ടുകൾക്ക് ടി.ജെ.വിനോദാണ് ജയിച്ചത്. വോട്ടെടുപ്പ് ദിവസം മഴ പെയ്തത് കാരണം പോളിങ് ഗണ്യമായി കുറഞ്ഞത് യുഡിഎഫ് ക്യാമ്പിൽ ആശങ്കസൃഷ്ടിച്ചിരുന്നു. എന്നാൽ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും സീറ്റ് നിലർത്താനായത് അവർക്ക് ആശ്വാസമായി. 2016-ൽ 21949 ഉം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 31178 വോട്ടുകളുടേയും ലീഡ് യുഡിഎഫിന് ഇവിടെ ഉണ്ടായിരുന്നു. ടി.ജെ.വിനോദ് 37891 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച മനു റോയിക്ക് 34141 വോട്ടുകളെ നേടാനായൂള്ളൂ. മനു റോയിയുടെ അപരന് ഇവിടെ 2572 വോട്ടുകൾ ലഭിച്ചതും ശ്രദ്ധേയമാണ്. ബിജെപി സ്ഥാനാർഥിയായ സി.ജി.രാജഗോപാൽ 13351 വോട്ടുകൾ ലഭിച്ച മൂന്നാമതാണ്. സിറ്റിങ് എംഎൽഎ ഹൈബി ഈഡൻ ലോക്സഭാ അംഗമായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കെ.മുരളീധരന്റെ മണ്ഡലമായിരുന്ന വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് വൻ ഭൂരിപക്ഷത്തോടെയാണ് അട്ടമറി വിജയം നേടിയത്. ഒരു ബൂത്തിലെ ഫലം മാത്രം പുറത്ത് വരാനിരിക്കെ 14465വോട്ടുകൾക്കാണ് പ്രശാന്ത് ഇവിടെ ജയമുറപ്പിച്ചത്. കഴിഞ്ഞ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഇവിടെ മൂന്നാം സ്ഥാനാത്തായിരുന്ന എൽഡിഎഫ് എന്നതാണ് ശ്രദ്ധേയം. പ്രശാന്ത് 54830 വോട്ടുകൾ നേടിയപ്പോൾ കെ.മോഹൻ കുമാർ 40365വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപിയുടെ എസ്.സുരേഷ് 27453വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തായി. ഇവിടെ എൻ.എസ്.എസ്. യുഡിഎഫിനായി പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എം.സി.കമറുദ്ദീൻ വിജയമുറപ്പിച്ചിട്ടുണ്ട്. 8381 വോട്ടുകൾക്കാണ് കമറുദ്ദീൻ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ രവീശ് തന്ത്രി കുണ്ടാറാണ്. മൂന്നാം സ്ഥാനത്താണ് എൽഡിഎഫ് സ്ഥാനാർഥി ശങ്കർറേ ഉള്ളത്.

READ  പോലീസ്‌ യൂണിഫോം അണിഞ്ഞ്‌ ചന്ദ്രിക: പശ്‌ചാത്താപം തീര്‍ത്ത്‌ കേരള ജനത