തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സർക്കാരിനു കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.
നേരത്തെ ജൂൺ ഒന്നിന് തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വരുന്ന പെരുന്നാൾ അവധികൾ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. നാല്, അഞ്ച് തീയ്യതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്കൂൽ തുറന്ന ശേഷം രണ്ട് ദിവസം സ്കൂളിന് അവധി നൽകേണ്ടി വരും. സ്കൂള്‍ ജൂണ്‍ 6-ന് തുറക്കുന്നതായിരിക്കും ഉചിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് നേതാക്കളായ ഡോ.എം.കെ.മുനീര്‍, പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവർ ചേർന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുകയായിരുന്നു.