മുംബൈക്കെതിരെയും സമനില; ജയമില്ലാതെ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ ആറാം മത്സരം

Football Sports

മുംബൈ: ഐ.എസ്.എല്ലിൽ തുടർച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്. മികച്ച പ്രകടനം നടത്താനായെങ്കിലും മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ സമനില നേടാനേ ബ്ലാസ്റ്റേഴ്സിന് സാധിച്ചുള്ളൂ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കേരളം, മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. പ്രസ്സിങ് ഗെയിം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങളാണ് ആദ്യ 32 മിനിറ്റിനുള്ളിൽ തന്നെ സൃഷ്ടിച്ചത്. 25-ാം മിനിറ്റിൽ മെസ്സിയുടെ ഉഗ്രനൊരു ബൈസിക്കിൾ കിക്ക് മുംബൈ ഗോൾകീപ്പർ അമരീന്ദർ മുഴുനീളൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിനും പലതവണ സ്റ്റേഡിയം സാക്ഷിയായി. 41-ാം മിനിറ്റിൽ മോദു സൗഗുവിന് ലഭിച്ച അവസരം രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. സൗഗുവിന്റെ ഷോട്ട് ദുർബലമായതാണ് കേരളത്തെ തുണച്ചത്. ഇതിനിടെ 75-ാം മിനിറ്റിൽ മെസ്സി ബൗളിയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും 77-ാം മിനിറ്റിൽ അമീൻ ചെർമിറ്റിയിലൂടെ മുംബൈ തിരിച്ചടിക്കുകയായിരുന്നു. കേരള പ്രതിരോധത്തിന്റെ ഒത്തിണക്കമില്ലായ്മയാണ് മുംബൈയുടെ സമനില ഗോളിന് വഴിവെച്ചത്. മുംബൈ താരത്തിന്റെ ഷോട്ട് രഹനേഷ് തടുത്തിട്ടെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ചെർമിറ്റി റീബൗണ്ട് ബോൾ വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഗോൾ കീപ്പർ ടി.പി രഹനേഷിന്റെ സേവുകളാണ് പലപ്പോഴും കേരളത്തെ തുണച്ചത്. ഗോളെന്നുറച്ച ഏതാനും അവസരങ്ങളിൽ മുംബൈക്ക് വിലങ്ങുതടിയായത് രഹനേഷായിരുന്നു. ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. പരിക്കാണ് താരത്തിന് വില്ലനായത്. ഓഗ്ബെച്ചെയുടെ അഭാവത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്കായെങ്കിലും ഫിനിഷിങ്ങിൽ പല താരങ്ങൾക്കും പിഴച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഇതോടെ ഏഴു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി മുംബൈ ആറാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളിൽ നിന്ന് വെറും ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു തന്നെയാണ്. ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സമനിലയായിരുന്നു ഇത്.