കേരളവര്‍മ കോളേജില്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം : എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ഏഴു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Thrissur Top News

തൃശൂർ: കേരളവര്‍മ കോളേജില്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ഏഴു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 20 പേര്‍ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് കേസെടുത്തു. കോളജ് സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് എസ്.എഫ്.ഐ. കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ വി.എസ്. യദുകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഏഴു പേരെ സസ്‌പെന്‍ഡ് ചെയ്തത്.
കെ.ജി. ഗോകുല്‍, ജെ.പി. അനുരാഗ്, കെ.യു. ജിഷ്ണു, യു.എ. അമല്‍, വി. ദീപു, ആസിഫ് അസീസ് എന്നിവരാണ് സസ്‌പെന്‍ഷനിലായ മറ്റ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍. ഒരു മാസത്തേക്ക് അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അച്ചടക്ക സമിതി നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കെതിരെയും നടപടിയെടുക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ.പി. ജയദേവന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി സംഭവത്തില്‍ തെളിവെടുപ്പ് നടത്തി. മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ.ബി.വി.പി. പ്രവര്‍ത്തകരില്‍നിന്ന് കോളേജ് അച്ചടക്ക സമിതി വിവരങ്ങള്‍ ശേഖരിച്ചു. എ.ബി.വി.പി. കോളേജ് യൂണിറ്റ് സെക്രട്ടറിയും ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഐ.ആര്‍. രാഹുല്‍ (19), വൈസ് പ്രസിഡന്റും ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ സി.എസ്. ആരോമല്‍ (19), ബി.എ. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ് കൃഷ്ണന്‍ (19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
കേസിലെ മുഖ്യപ്രതി ഹസന്‍ മുബാറക്ക് കോളേജിലെ വിദ്യാര്‍ഥിയല്ല. കോളജില്‍ മുമ്പ് നടന്ന വിദ്യാര്‍ഥി സംഘട്ടനങ്ങളിലും ഇയാള്‍ പ്രതിയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ക്രിസ്മസ് അവധിക്കുമുമ്പേ കോളേജ് അടച്ചു. ക്രിസ്തുമസ് അവധി കഴിഞ്ഞ് 31ന് മാത്രമേ ക്ലാസുകള്‍ ഉണ്ടാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

READ  വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം