മഹാരാഷ്ട്ര; വിശ്വാസ വോട്ടെടുപ്പില്‍ വിധി നാളെ പറയുമെന്ന് സുപ്രീം കോടതി

National Top News

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന് നടത്തണമെന്നതില്‍ നാളെ വിധി പറയുമെന്ന് സുപ്രീം കോടതി. ഇന്ന് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നാളെ പത്തരയ്ക്ക് ഉത്തരവ് നല്‍കുമെന്നും സുപ്രീം കോടതി പറഞ്ഞു. നിയസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്നാണ് എന്നതിനെ സംബന്ധിച്ച് മാത്രമാണ് സുപ്രീം കോടതി നാളെ പറയുക. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടിരുന്നു.
രണ്ട് വാദവും കേട്ട ശേഷമാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഇന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നും രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതിനിടെ കോടതിക്ക് മുന്‍പില്‍ ചില രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും റോത്തഗി പറഞ്ഞിരുന്നു.140 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എതിര്‍ സത്യവാങ്മൂലത്തിന് സമയം അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിന് പിന്നാലെ ഇവര്‍ സത്യവാങ്മൂലം പിന്‍വലിച്ചു.

See also  തൃശൂരില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം