മണ്ണിടിച്ചിൽ ഭീതിയിൽ കുതിരാൻ; അറ്റകുറ്റപ്പണിക്കായി ദേശീയപാത അതോറിറ്റി നേരിട്ട് രംഗത്ത്.

Thrissur

തൃശൂര്‍: ദേശീയപാത കുതിരാനില്‍ മണ്ണിടിച്ചില്‍ തടയുന്നതിനു അറ്റകുറ്റപ്പണിക്ക് ദേശീയപാത അഥോറിറ്റി നേരിട്ടു രംഗത്തിറങ്ങി. കഴിഞ്ഞ പ്രളയകാലത്ത് റോഡു തകര്‍ന്ന ഭാഗത്തും മണ്ണിടിഞ്ഞ ഭാഗത്തുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. അതേസമയം ഉറപ്പുള്ള രീതിയിലല്ല അറ്റകുറ്റപ്പണിയെന്നു പരാതിയുണ്ട്. റോഡ് പൂര്‍ണമായും റീടാറിങ് നടത്തിയാലേ ബലം വര്‍ധിപ്പിക്കാനാകൂ എന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിനു മുമ്പുതന്നെ പലയിടത്തും റോഡ് ഇടിഞ്ഞു കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇതിനടുത്ത് വലിയതോതില്‍ പുനര്‍ നിര്‍മാണം നടത്തിയാലേ റോഡ് കാലവര്‍ഷത്തെ അതിജീവിക്കുകയുള്ളൂ. ആറുവരി പാത നിര്‍മാണം ജനവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന് കരാര്‍ കമ്പനി അധികൃതര്‍ മുമ്പു നല്‍കിയ ഉറപ്പും പാഴായി. മന്ത്രിക്ക് അതോടെ കൂടുതല്‍ ഇടപെടാനും കഴിയാത്ത അവസ്ഥയായി. കേന്ദ്രവും സംസ്ഥാനവുമായി നല്ല ബന്ധമില്ലെന്നതിനാല്‍ ഫലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്. കുതിരാനിലെ മൂന്നു കിലോമീറ്ററിനുള്ളില്‍ ഒരു ഡസന്‍ സ്ഥലത്തെങ്കിലും മണ്ണിടിഞ്ഞിരുന്നു.

തിരാന്‍ ക്ഷേത്രത്തിനടുത്ത് ഇതു രൂക്ഷമാണ്. അവിടെ കരിങ്കല്‍ ഭിത്തി കെട്ടിയുയര്‍ത്തി ഉറപ്പിക്കാനുള്ള നീക്കം തുടങ്ങി. അപകടങ്ങള്‍ ഒഴിവാക്കാന്‍ അയേണ്‍ ക്രഷ് ബാരിയര്‍ സ്ഥാപിക്കും. കരാര്‍ കമ്പനിയാകട്ടെ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ പോലും കമ്പനി തയാറായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് അവര്‍ തടിതപ്പി. സംസ്ഥാന സര്‍ക്കാരിനു വെറും കാഴ്ച്ചക്കാരുടെ റോളാണുള്ളത്. അതും വലിയ തലവേദനയായി. കഴിഞ്ഞമാസം വേനല്‍മഴ പെയ്തപ്പോള്‍ റോഡരികില്‍ കെട്ടിക്കിടന്ന ചെളിയും മണ്ണും ഒഴുകിയെത്തി ഗതാഗതത്തിന് തടസം സൃഷ്ടിച്ചിരുന്നു. രണ്ടിടങ്ങളില്‍ അമ്പത് മീറ്ററോളം ഉയരത്തില്‍ മണ്ണും കല്ലും ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന വിധത്തില്‍ തളളി നില്‍ക്കുന്നുണ്ട്. ഒരു ഭാഗത്ത് റോഡിന്റെ ഭാഗമുള്‍പ്പെടെ അമ്പത് മീറ്ററോളം താഴേക്ക് ഇടിഞ്ഞ നിലയിലാണ്. ഇവിടെ വീണ്ടും മണ്ണിടിഞ്ഞാല്‍ റോഡ് തന്നെ ഇല്ലാതാകുമെന്ന ആശങ്കയുണ്ട്. ഒരു ദിവസം ഇരുപതിനായിരത്തിലധികം വാഹനങ്ങളാണ് കുതിരാന്‍ വഴി കടന്നു പോകുന്നത്. തമിഴ്‌നാട്ടില്‍നിന്ന് വാളയാര്‍ വഴി തെക്കന്‍ കേരളത്തിലേക്ക് ചരക്ക് നീക്കം നടക്കുന്നതും ഇതുവഴിയാണ്.

മണ്ണിടിച്ചിലുണ്ടായാല്‍ കുതിരാന്‍ വഴിയുളള ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം കരാറെടുത്തിട്ടുളള കെഎംസിക്കാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കേണ്ട ചുമതലയെങ്കിലും ചെയ്തിട്ടില്ല. കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആറുവരിപ്പാത നിര്‍മാണവും പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. ദേശീയപാതാ അഥോറിറ്റിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകളുണ്ടായിട്ടില്ല. തുരങ്കത്തിലെ ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുളളതിനാല്‍ മഴക്കാലത്തിന് മുമ്പ് അവ തുറക്കാനാകില്ല. തുരങ്കത്തിന്റെ ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്. എന്ന് പുനരാരംഭിക്കുമെന്നതിനെക്കുറിച്ചും അറിവില്ല. ഈ സാഹചര്യത്തില്‍ നിലവിലുളള റോഡില്‍ മണ്ണിടിഞ്ഞ ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.