പൗരത്വ ഭേദഗതി ബില്‍ ക്രിമിനല്‍ നിയമം- മൗലാന മുഹമ്മദ് വലി റഹ്മാനി

Kerala Top News

കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ക്രമിനൽ നിയമമാണെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോബോർഡ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഇത് പഴയ ബ്രിട്ടീഷ് ആധിപത്യത്തിന് സമാനമായ സംഗതിയാണ്. ഓരോ മുസ്ലീം മത വിശ്വാസിയേയും ആശങ്കയിലാഴ്ത്തുന്ന ഈ നിയമത്തിനെതിരേ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച ജസ്റ്റിസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹ്മാനി. റഫാൽ കേസിൽ രേഖ കാണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് മറുപടി നൽകിയത്. ഭരണകൂടത്തിന് പോലും രേഖകൾ സൂക്ഷിക്കാൻ കഴിയുന്നില്ല. പിന്നെങ്ങനെയാണ് പാവപ്പെട്ട ജനങ്ങൾ 1971 ന് മുമ്പുള്ള രേഖകൾ കാണിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബാബറി മസ്ജിദിന്റെ കാര്യത്തിൽ തെറ്റായ പ്രചാരണമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നത്. അവിടെ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് സുപ്രീം കോടതി എവിടേയും പറഞ്ഞിട്ടില്ല. മാത്രമല്ല ഇതിനുള്ള ഒരു തെളിവും കണ്ടെത്താനും സാധിച്ചിട്ടില്ല. പക്ഷെ മറിച്ചാണ് പ്രചാരണം നടക്കുന്നത്. ഇത് കൃത്യമായ ഗൂഡാലോചനയാണ്. മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമാണെന്നും നടക്കാൻ പാടില്ലാത്തതാണെന്നും കോടതി കണ്ടെത്തി. പക്ഷെ അവർക്കെതിരേ ഒരു നടപടിയും എടുക്കാതെ അവർക്കു തന്നെ മസ്ജിദ് വിട്ടുകൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടത് ഇത് ഏറെ നിരാശാജനകമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

See also  ഹർത്താൽ ആരംഭിച്ചു; കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്, കോഴിക്കോടും പാലക്കാടും അറസ്റ്റ്