കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് സ്കൈമെറ്റ്

Featured Kerala

ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ നാലിന് എത്തിയേക്കും. അതേസമയം, ഇത്തവണ മഴയുടെ അളവ് കുറവായിരിക്കുമെന്നാണ് രാജ്യത്തെ ഒരേയൊരു സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് പറയുന്നത്.

സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. ജൂലൈ പകുതിയോട രാജ്യമാകെ എത്തും. ഈ വർഷം രാജ്യത്താകെ 93 ശതമാനം മഴ ലഭിക്കുമെന്നാണ് സ്കൈമെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സാധാരണ രാജ്യത്ത് പ്രതിവർഷം ലഭിക്കുന്ന മഴയിൽ 70 ശതമാനവും മൺസൂൺ സീസണിലാണ് ലഭിക്കുന്നത്.

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരും. കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ചൂട് കൂടുതലായിരിക്കും. മറ്റു ജില്ലകളിൽ താപനില സാധാരണ നിലയിലായിരിക്കും. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 37 ഡിഗ്രി സെൽഷ്യസ്.

See also  ജപ്തി നടപടിക്കിടെ അമ്മയും മകളും തീകൊളുത്തി; ഡിഗ്രി വിദ്യാർഥിനി മരിച്ചു