കേരളത്തില്‍ കാലവര്‍ഷം എത്താന്‍ അഞ്ചു ദിവസം വൈകും

Featured Kerala

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴ ജൂണ്‍ ആറു മുതല്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ജൂണ്‍ ഒന്നിന് പകരം സൗത്ത് വെസ്റ്റ് മണ്‍സൂണ്‍ ജൂണ്‍ ആറിന് കേരളത്തിലെത്തുമെന്ന് ഐഎംഡിയുടെ അറിയിപ്പ്.

കാലവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്നും കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളില്‍ ഈ ആഴ്ച അവസാനത്തോടെ തന്നെ മണ്‍സൂണ്‍ എത്തുമെന്നും അറിയിപ്പില്‍ പറയുന്നു. സാധാരണയായി മെയ് 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് ദ്വീപുകളില്‍ മണ്‍സൂണ്‍ എത്തുന്നത്. എല്‍ നിനോ പ്രതിഭാസം മൂലമാണ് മഴയെത്താന്‍ വൈകുന്നത്.

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കുമെന്നും ഇത്തവണ മഴയുടെ അളവ് കുറവായിരിക്കുമെന്നാണ് രാജ്യത്തെ ഒരേയൊരു സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം അറിയിച്ചത്. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. ജൂലൈ പകുതിയോട രാജ്യമാകെ എത്തും. ഈ വര്‍ഷം രാജ്യത്താകെ 93 ശതമാനം മഴ ലഭിക്കുമെന്നാണ് സ്‌കൈമെറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സാധാരണ രാജ്യത്ത് പ്രതിവര്‍ഷം ലഭിക്കുന്ന മഴയില്‍ 70 ശതമാനവും മണ്‍സൂണ്‍ സീസണിലാണ് ലഭിക്കുന്നത്.

അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥ തുടരും. കേരളത്തില്‍ താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ല. ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ചൂട് കൂടുതലായിരിക്കും. മറ്റു ജില്ലകളില്‍ താപനില സാധാരണ നിലയിലായിരിക്കും.

തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം.

മേയ് 16 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.