തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ മുത്തലാക്ക് ചൊല്ലിയെന്ന പരാതിയില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരുമ്പിലാവ് സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവ് ഷാഫിക്കെതിരെ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയത്.
തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ഗര്‍ഭാവസ്ഥയിലും ക്രൂരമായി മര്‍ദനമേറ്റ താന്‍ കഴിഞ്ഞ നാലാം തിയതി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നതായും എന്നാല്‍ ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഷാഫി മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി ഉപേക്ഷിച്ചെന്നുമാണ് പരാതി ഗര്‍ഭിണിയായ തന്നെയും മൂന്നും ആറും വയസുള്ള കുട്ടികളെയും വീട്ടില്‍ നിന്ന് ബലമായി പുറത്താക്കിയതായും പരാതിയുണ്ട്.
കഴിഞ്ഞ നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവംബര്‍ ഒമ്പതിന് ദില്‍ഷാദ് ബാനു എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്കിയിരുന്നതുമാണ്. എന്നാല്‍ നവംബര്‍ 14 ന് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയ പ്രതിയെ പറഞ്ഞ് വിട്ടതായും പരാതി പറഞ്ഞ് തീര്‍ക്കാന്‍ പോലീസ് നിര്‍ദേശിച്ചതായും ദില്‍ഷാദ് ബാനു മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയോടെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തന്റെ മൊഴിയെടുത്ത് കേസെടുക്കാന്‍ തയ്യാറായത്.
മുത്തലാക്ക് സുപ്രീംകോടതി നിരോധിക്കുകയും കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേസെടുക്കുന്നതില്‍ കാലതാമസം വരുത്തിയത് പോലീസിന് സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
