തിരിച്ചടിച്ച് പവാര്‍; 50 എംഎല്‍എമാര്‍ യോഗത്തിനെത്തി; അജിത്തിനൊപ്പം മൂന്നുപേര്‍ മാത്രം

Top News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് രാത്രിയിലും അവസാനമായില്ല. ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് അജിത്ത് പവാറിനൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം എ.എൽ.എമാരെയും ശരദ് പവാർ എൻ.സി.പി യോഗത്തിനെത്തിച്ചു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് അജിത്ത് പവാറിനുള്ളത്. മുംബൈയിൽ വൈബി ചവാൻ സെന്ററിൽ നടന്ന യോഗത്തിൽ 50 എൻസിപി എംഎൽഎമാരും എത്തിച്ചേർന്നിരിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരിൽ 35ലേറെ എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത്ത് പവാർ അവകാശപ്പെട്ടിരുന്നത്. ഇവരിൽ അജിത്ത് പവാറിന്റെ കൂടെയായിരുന്ന മുതിർന്ന നേതാവ് ധനഞ്ജയ് മുണ്ഡെ യോഗത്തിനെത്തിയതാണ് എൻ.സിപി നേതാക്കളെ പോലുംഞെട്ടിച്ചത്. അജിത്ത് പവാർ ഉൾപ്പടെയുള്ള നാല് എം.എൽ.എമാരും യോഗത്തിന് എത്തുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്ന് എൻ.സി.പി വൃത്തങ്ങൾ പ്രതികരിച്ചു. അതിനിടെ അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റാനും യോഗത്തിൽ തീരുമാനമായി. പകരം ജയന്ത് പാട്ടീലാണ് പുതിയ നിയമസഭാ കക്ഷി നേതാവ്. എന്നാൽ മഹാരാഷ്ട്ര ഗവർണർ നിലവിൽ ഡൽഹിയിലാണ് ഉള്ളത്. ഗവർണർമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഗവർണർ ഡൽഹിയിലേക്ക് പോയത്. അതിനാൽ നിലവിലെ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉടൻ ഉണ്ടായേക്കില്ല. അജിത്ത് പവാറിനൊപ്പമുള്ള മറ്റ് മൂന്ന് എം.എൽ.എമാരയും ഉടൻ എൻ.സി.പി ക്യാമ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ തീവ്രമായി നടക്കുന്നുണ്ട്. എൻ.സി.പി, ശിവസേന നേതാക്കൾ സംയുക്തമായിട്ടാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

See also  ഉടൻ ആധാർ-പാൻകാർഡുകൾ ബന്ധിപ്പിക്കുക; ഇല്ലെങ്കിൽ 31ന് ശേഷം അസാധു