രണ്ടാംദിനത്തിലും തിളങ്ങി യമണ്ടന്‍ പ്രേമകഥ!

Cinema Malayalam
നാളുകള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അന്യഭാഷയിലേത്തിയതിന് ശേഷം താരപുത്രനെ മലയാളത്തിന് നഷ്ടമായെന്ന തരത്തിലുള്ള വിമര്‍ശനത്തിന് അവസാനം വന്നിരിക്കുകയാണ് ഇപ്പോള്‍. ഇത്രയും നാള്‍ കാത്തിരുന്നാലെന്താ ഗമണ്ടന്‍ സിനിമയുമായിത്തന്നെയെല്ലേ കുഞ്ഞിക്കയെത്തിയതെന്നായിരുന്നു ആരാധകരുടെ അടക്കംപറച്ചില്‍. ലൈറ്റ് കോമഡിയുമായി പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുള്ള വരവ് തന്നെയായിരുന്നു വിഷ്ണു ഉണ്ണിക്കൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിന്റേത്. ആദ്യദിനം മുതല്‍ ലഭിക്കുന്ന സ്വീകാര്യത ഇപ്പോഴും അതേ പോലെ തുടരുകയാണ്

വാരാന്ത്യവും അവധിക്കാലവുമൊക്കെയായി തിയേറ്ററുകളിലെല്ലാം ഉത്സവപ്രതീതിയുണര്‍ത്തിയാണ് ദുല്‍ഖറിന്റെ സിനിമയെത്തിയത്. ലൂസിഫറും മധുരരാജയും അരങ്ങുതകര്‍ക്കുന്നതിനിടയിലായിരുന്നു കുഞ്ഞിക്കയുടെ വരവ്. 3കോടി 72 ലക്ഷമാണ് വേള്‍ഡ് വൈഡായി സിനിമയ്ക്ക് ആദ്യദിനത്തില്‍ ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ വലിയൊരു റെക്കോര്‍ഡാണ് ഇതെന്നും ആരാധകര്‍ അവകാശപ്പെട്ടിരുന്നു. ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രം വിജയകരമായി മുന്നേറുകയാണ്.

രണ്ടാം ദിനത്തിലും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 10 ഷോയില്‍ നിന്നായി 3.35 ലക്ഷമാണ് സിനിമയ്ക്ക് രണ്ടാം ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. രണ്ട് ദിവസം കൊണ്ട് 9.4 ലക്ഷമാണ് സിനിമ ഇവിടെ നിന്നും സ്വന്തമാക്കിയത്. തിരുവനന്തപുരത്തു നിന്നും മികച്ച കലക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 7.82 ലക്ഷമാണ് സിംഗിള്‍സില്‍ നിന്നും നേടിയത്. മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടത്തിന് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാനും ഈ മത്സരത്തില്‍ പങ്കുചേര്‍ന്നത്. വാപ്പച്ചിയും മകനും പല തിയേറ്ററുകളിലും നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇത്തവണത്തെ വിഷുവും അവധിക്കാലവുമൊക്കെ ആരാണ് സ്വന്തമാക്കിയതെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം.
See also  ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി കിടിലന്‍ ലുക്കില്‍ മമ്മൂക്ക