ബി ജെ പി മത്സരിക്കുന്നത് തോല്‍ക്കാന്‍; എന്‍ ഡി എ ഒരു മുന്നണിയാണോയെന്ന് പി സി ജോര്‍ജ്

Featured Politics

കോട്ടയം:നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ താന്‍കൂടി ഉള്‍പ്പെട്ട എന്‍ ഡി എക്കേറ്റ കനത്ത തോല്‍വിയില്‍ ബി ജെ പിയെ വിമര്‍ശിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. എന്‍ ഡി എ ഒരു മുന്നണിയാണോയെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കണം. എന്‍ ഡി എ ഒരുതട്ടിക്കൂട്ട് സംഘമാണ്. എത്രകാലം ഈ മുന്നണിയില്‍ തുടരാനാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഹിന്ദു അല്ലാത്തവര്‍ മനുഷ്യരല്ലെന്നാണ് ബി ജെ പിക്കാര്‍ കരുതുന്നത്. ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോല്‍ക്കാനാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്കുണ്ടായ കനത്ത തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. എന്നാല്‍ കോന്നിയില്‍ നിര്‍ത്തി ബി ജെ പിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നു. എന്‍ ഡി എ യോഗത്തില്‍ താന്‍ ഇനി പങ്കെടുക്കില്ല. എന്നാല്‍ മുന്നണിയില്‍ നിന്ന് ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജനപക്ഷം നേതാവ് പിസി ജോര്‍ജ് എന്‍ ഡി എയില്‍ ചേര്‍ന്നത്. എന്നാല്‍ ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഉള്‍പ്പെടെ എന്‍ ഡി എ മൂന്നാം സ്ഥാനത്തായി പോയി. ബി ജെ പിക്കൊപ്പം ചേരാനുള്ള ജോര്‍ജിന്റെ തീരുമാനം ജനപക്ഷത്തിന് അകത്ത് വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്. ഈ ഒരു സാഹചര്യത്തില്‍ മുന്നണി വിടാന്‍ ജോര്‍ജ് ഒരുങ്ങി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

READ  യു.ഡി.എഫിന്റെ ജനകീയാടിത്തറ തകര്‍ന്നു - ശ്രേയാംസ് കുമാര്‍