pm-narendra-modi-in-varanasi-thanks-bjp-workersbjp-workers

വോട്ട് എണ്ണും മുമ്പേ ജയം ഉറപ്പിച്ചിരുന്നു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

Breaking News Featured

വരാണസി (ഉത്തർപ്രദേശ്): ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം സമ്മാനിച്ച വരാണസിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് സ്വന്തം മണ്ഡലമായ വരാണസിയിൽ മോദി എത്തുന്നത്. വരാണസി വിമാനത്താവളത്തിൽ എത്തിയ നരേന്ദ്ര മോദിയെ ഗവർണർ രാം നായിക്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി ട്രേഡ് ഫെയർ സെന്ററിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ മോദി എത്തിയത്.റോഡ് മാർഗമാണ് മോദി ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. അതിനുശേഷം ഹെലികോപ്റ്ററിൽ പ്രവർത്തക കൺവെൻഷനിൽ പങ്കെടുക്കാനായി പോയി.

വരാണസിയിൽ എത്തിയ മോദി പാർലമെന്റിലേക്ക് രണ്ടാം തവണയും തന്നെ എത്തിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞു. വോട്ട് എണ്ണും മുമ്പേ ജയം ഉറപ്പായിരുന്നുവെന്നും വിജയം പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ബിജെപിയുടെ വിജയത്തിന് പിന്നിൽ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനമാണ്. താനെന്നും എളിയ പാർട്ടി പ്രവർത്തകനായിരിക്കുമെന്നും മോദി വ്യക്തമാക്കി.
പാർട്ടി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ ഞാൻ അവരോട് ഒരു കാര്യം എപ്പോഴും പറയുമായിരുന്നു, നാമനിർദേശ പത്രിക സമർപ്പിച്ചത് ഒരു മോദി മാത്രമാണെങ്കിൽ തിരഞ്ഞെടുപ്പിൽ പോരാടിയത് ഓരോ വീട്ടിലെയും നരേന്ദ്ര മോദിയാണ്. നിങ്ങളെല്ലാം നരേന്ദ്ര മോദിമാരാണ്. തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവനും നയിച്ചത് നിങ്ങളാണ്. അതിൽ പ്രവർത്തകരെ പ്രശംസിച്ച മോദി ഡിസ്റ്റിങ്ഷനോടെ നിങ്ങളെല്ലാം പാസായിരിക്കുന്നുവെന്നും പറഞ്ഞു.

 

READ  പശ്ചിമ ബംഗാളിലും ഒഡിഷയിലും ബിജെപിക്ക് വൻകുതിപ്പ്; തമിഴ്നാട്ടിൽ ഡിഎംകെ