ഹർത്താൽ: നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിച്ചാൽ നടപടിയെന്ന് പോലീസ്

Kerala Top News

തിരുവനന്തപുരം:ഇന്നത്തെ (ചൊവ്വാഴ്ച) ഹര്‍ത്താലിൽ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഡിജിപിയുടെ ഓഫിസ് അറിയിച്ചു. ഇതിനായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും.
ജില്ലകളിലെ സുരക്ഷാ ക്രമീകരണളുടെ ചുമതല ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും. റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് പോലീസ് സംഘത്തെ നിയോഗിച്ചു. ആവശ്യമുള്ള സ്ഥലങ്ങളില്‍ പിക്കറ്റും പട്രോള്‍ സംഘവും ഏര്‍പ്പെടുത്തും.
ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ ജനങ്ങളെ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി മുതലായ സ്ഥാപനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും സഞ്ചരിക്കുന്നതിനും പോലീസ് സംരക്ഷണം നല്‍കും. പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ സിവില്‍ കേസ് എടുക്കും. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ സാന്നിധ്യം ഉറപ്പാക്കും. പോലീസ് കണ്‍ട്രോള്‍ റൂമുകളോടു ചേര്‍ന്ന് ഫയര്‍ഫോഴ്സ്, സ്ട്രൈക്കിങ് സംഘങ്ങളെ ഒരുക്കി നിര്‍ത്തും. ഹര്‍ത്താല്‍ ദിവസം ക്രമസമാധാനം ഉറപ്പാക്കുന്നതിന് സംസ്ഥാനതലത്തില്‍ പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും സേവനം ഉറപ്പാക്കും.
സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കില്ല. അനുമതി ഇല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സമരാനുകൂലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനുമായി സംസ്ഥാനത്തൊട്ടാകെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

See also  പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ