കല്ലടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ബസ് പിടിച്ചെടുത്തു

Crime Featured

മലപ്പുറം: യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതിന്‍റെ പേരില്‍ കുപ്രസിദ്ധമായ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് കല്ലടയ്‍ക്ക് നേരെ വീണ്ടും ആരോപണം. ഓടുന്ന ബസ്സില്‍വച്ച് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് ബസ് പോലീസ് പിടിച്ചെടുത്തു.

കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്‍ത തമിഴ്‍നാട് സ്വദേശിയെയാണ് ബസ് ജീവനക്കാരന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബസ്സിന്‍റെ രണ്ടാം ഡ്രൈവറാണ് പിടിയിലായത്.

യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു. കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫ് ആണ് പിടിയിലായത്. സ്ലീപ്പര്‍ ബസ്സ് ആയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 21ന് കല്ലട ബസ്സില്‍ യാത്ര ചെയ്‍ത രണ്ട് യുവാക്കളെ അര്‍ധരാത്രി വൈറ്റിലയില്‍വച്ച് കല്ലട ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ബസ് വഴിയില്‍ കേടായിക്കിടന്നത് ചോദ്യം ചെയ്‍തതിനായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്‍റെ വീഡിയോ മറ്റൊരു യാത്രക്കാരന്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നാലെ കല്ലട സര്‍വ്വീസിന് എതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നു. വൈറ്റിലയിലെ കല്ലട ബുക്കിങ് ഓഫീസിന് താഴിട്ടു, കല്ലട ബസ്സിന്‍റെ ഒരു സര്‍വീസ് സസ്‍പെന്‍ഡ്‍ ചെയ്‍തു. ഉടമയ്‍ക്ക് എതിരെ കേസുമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം വരുന്നത്.

See also  പൂരങ്ങളുടെ പൂരം; ഇമ്മടെ തൃശൂർ പൂരം വരവായി