അയോധ്യാ കേസിലെ കോടതിവിധി ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍; വിമര്‍ശിച്ച്‌ കാരാട്ട്

Featured National

കോഴിക്കോട്: കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നുവെന്ന് സി.പി.എം. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകർക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉത്കണ്ഠയ്ക്ക് വിഷയമാകുകയും ചെയ്യുന്നുവെന്നും അദ്ദേഹം ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സുപ്രീം കോടതിയിൽ സംഭവിക്കുന്നതെന്ത്എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കാരാട്ടിന്റെ വിമർശം. അയോധ്യാക്കേസിലെ വിധിന്യായം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചത്, ഇലക്ടറൽ ബോണ്ട് തുടങ്ങിയ വിഷയങ്ങളെ കുറിച്ചും കാരട്ട് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. എക്സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളിൽ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പാണെന്ന് കാരാട്ട് പറയുന്നു. അയാധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങൾക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങൾക്കും പ്രാമുഖ്യം നൽകുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാൻ ഹിന്ദുത്വശക്തികൾക്ക് അത് കരുത്തുനൽകുകയും ചെയ്യും- കാരാട്ട് പറയുന്നു. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെയും കാരാട്ട് വിമർശിക്കുന്നുണ്ട്. ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയർത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളിൽ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്തുകൊണ്ട് എക്സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങൾ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലാണ് ആദ്യ പരാജയം സംഭവിച്ചത്.അടുത്തകാലത്ത് ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതിൽ കോടതി പരാജയപ്പെട്ടു- കാരാട്ട് കൂട്ടിച്ചേർത്തു.

See also  നാലു പ്രതികള്‍ അറസ്റ്റില്‍-മുണ്ടൂര്‍ ഇരട്ടക്കൊലപാതകം