ആലപ്പുഴയില്‍ വന്‍കവര്‍ച്ച: വീട് കുത്തിത്തുറന്ന് 67 പവന്‍ മോഷ്ടിച്ചു

Crime Kerala

ആലപ്പുഴ വള്ളികുന്നത്ത് വൻകവർച്ച. വീടു കുത്തിത്തുറന്ന് അറുപത്തേഴര പവൻ മോഷ്ടിച്ചു. ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

ഏകദേശം നാലുകിലോമീറ്റർ ദൂരെ താമസിക്കുന്ന സദാനന്ദന്റെ ചേട്ടൻ ഇന്നലെ മരിച്ചിരുന്നു. തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി സദാനന്ദനും കുടുംബവും ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി. തിരക്കായിരുന്നതിനാൽ ഇറങ്ങും മുമ്പ് വീട്ടിലെ കിടപ്പുമുറികൾ പൂട്ടാൻ മറക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് വീടിന്റെ മുൻവാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകയറി കവർച്ച നടത്തുകയായിരുന്നു. ചടങ്ങുകൾക്കു ശേഷം ഇന്നു രാവിലെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷണം നടന്നതായി കണ്ടെത്തി. സദാനന്ദന്റെ ആൺമക്കളുടെ ഭാര്യമാരുടെയും പേരക്കുട്ടികളുടെയും സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. വള്ളികുന്നം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്.

See also  കേരളത്തില്‍ മുതല്‍മുടക്കാന്‍ യുകെ സംരംഭകരെ ക്ഷണിച്ച് മുഖ്യമന്ത്രി