കടൽക്ഷോഭം: തൃശൂർ ജില്ലയിൽ 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Breaking News Featured Thrissur

കടൽക്ഷോഭത്തെ തുടർന്ന് തൃശൂരിലെ തീരദേശ മേഖലകളിൽ നിന്ന് 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിയത്. കടൽക്ഷോഭം രൂക്ഷമായാൽ ചാവക്കാട്ടും ദുരിതാശ്വാസ ക്യാംപ് തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

29 കുട്ടികളടക്കം 423 പേരാണ് കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിൽ കഴിയുന്നത്. എറിയാട് കേരള വർമ്മ ഹയർ സെക്കന്‍ററി സ്കൂളിലും എടവിലങ്ങ് സെന്‍റ് ആൽബന സ്കൂളിലുമാണ് ദുരിത ബാധിതരെ താമസിപ്പിച്ചിരിക്കുന്നത്. എറിയാട് ബീച്ച്, മണപ്പാട്ടുച്ചാൽ, ചേരമാൻ ബീച്ച്, ആറാട്ടുവഴി, പേബസാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മിക്കവരും.

ഓഖിക്ക് ശേഷം തീരദേശ മേഖലയുടെ സുരക്ഷക്കായി നടപടി സ്വീകരിക്കുമെന്ന് വാക്ക് നൽകിയ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ക്യാപുകളിൽ കഴിയുന്നവർ പറഞ്ഞു. ചാവക്കാട് തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

സുനാമിഷെൽട്ടറുകൾ തയ്യാറാണെങ്കിലും മിക്ക കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടിയതിനാൽ ആരും താമസത്തിനെത്തിയിട്ടില്ല. ജില്ലയിൽ 12, 14 തീയതികളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

READ  തൃശ്ശൂരിൽ രേഖകളില്ലാതെ കടത്തിയ 300 പവൻ സ്വർണ്ണം പിടികൂടി