ഒത്തുതീര്‍പ്പായിട്ടില്ല, കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമെന്ന് ഇടവേള ബാബു

Cinema Top News

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു.അതിനിടെ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ പ്രതികരിച്ചു. തന്റെ കാര്യങ്ങള്‍ക്കു നീതി ലഭിക്കണമെന്നും എല്ലാം ശുഭമായി അവസാനിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.
ഷെയ്ന്‍ അജ്മീറില്‍ നിന്നു കൊച്ചിയിലെത്തിയ ശേഷം ഇന്നലെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. അമ്മയിലെ മറ്റൊരു ഭാരവാഹിയായ നടന്‍ സിദ്ധിഖിന്റെ ആലുവയിലെ വീട്ടില്‍ വെച്ചു ശനിയാഴ്ച രാത്രി ഷെയ്‌നും ഇടവേള ബാബു അടക്കമുള്ളവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധിഖ് ഇടപെട്ടാണു ചര്‍ച്ച വേഗത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുടങ്ങിക്കിടന്ന വെയില്‍, ഉല്ലാസം, കുര്‍ബാനി എന്നീ സിനിമകളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ അമ്മയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ ഡേറ്റിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് ഷെയ്ന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വെയില്‍ സിനിമയുടെ ഷൂട്ടിനായി 15 ദിവസമാണ് നേരത്തെ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സൈറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് പ്രശ്‌നം വീണ്ടും തുടങ്ങിയെതെന്നാണ് പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക നേതൃത്വം സംവിധായകനുമായി സംസാരിച്ചശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമായിരിക്കും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുക.
നേരത്ത ചെയ്തതുപോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചുള്ള ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്.

READ  കേരളോത്സവം: എവറോളിംഗ് ട്രോഫി തൃശൂരങ്ങ് എടുത്തു