മഞ്ജു വാരിയരുടെ പരാതി: സംവിധായകൻ ശ്രീകുമാർ മേനോന്‍ അറസ്റ്റിൽ

Kerala Top News

തൃശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്‍ അറസ്റ്റിൽ. നടിയുടെ പരാതിയിലെ ആരോപണങ്ങൾ ശരിയെന്നു പോലീസ് വ്യക്തമാക്കി. രണ്ടു പേരുടെ ജാമ്യത്തിൽ ശ്രീകുമാർ മേനോനെ വിട്ടയച്ചു. നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശ്രീകുമാർ മേനോൻ പ്രതികരിച്ചു.
ശ്രീകുമാർ മേനോനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂർ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്തത്. തന്റെ ഒപ്പിട്ട ലെറ്റർ ഹെഡ് ശ്രീകുമാർ മേനോന്റെ കൈവശമുണ്ടെന്നും ഇതു ദുരുപയോഗം ചെയ്യുമെന്നും മഞ്ജു വാരിയരുടെ പരാതിയിൽ പറഞ്ഞിരുന്നു. ഈ ലെറ്റർ ഹെഡ് കണ്ടെത്താൻ കൂടിയായിരുന്നു പോലീസ് അന്വേഷണം. മഞ്ജു വാരിയരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകുമാർ‌ മേനോന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഓഫിസിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. സംവിധായകൻ അപകടത്തിൽപെടുത്തുമെന്നു ഭയപ്പെടുന്നതായി മഞ്ജു വാരിയർ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു നടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജു വാരിയരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

See also  തൃശൂരില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം