തൊഴിയൂർ സുനിൽ വധകേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ

Crime

തൃശൂർ: വടക്കേക്കാട് തൊഴിയൂർ സുനിൽ വധ കേസിൽ ജം ഇയ്യത്തുൾ ഇഹ്സാനിയ തീവ്രവാദ സംഘടനയുടെ ഒരു പ്രവർത്തകൻ കൂടി അറസ്റ്റിൽ. സംഘടനയുടെ കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല വഹിക്കുന്ന തൃശൂർ പള്ളം പുത്തൻപീടികയിൽ യൂസഫിന്റെ മകൻ സുലൈമാൻ(51) നെയാണ് തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സുനിൽ വധത്തിന് ശേഷം ഇതര സംസ്ഥാനങ്ങളിൽ ഒളിവിൽ പോയ സുലൈമാൻ നിരവധി കളവ് കേസുകളിൽ പ്രതിയായിരുന്നു. 1993 ‐94 കാലത്ത് ചെരുതുരുത്തിയിലെ വിവിധ ഭാഗങ്ങളിൽ മോട്ടോർ കളവ് കേസുകളിൽ സൈതലവി അൻവരിയോടൊപ്പം ഇയാൾ കൂട്ടുപ്രതിയായിരുന്നു.
ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്. സുനിൽ വധ കേസിൽ പ്രതികൾ പിടിയിലായതിനെ തുടർന്ന് കേസ് തന്നിലേക്ക് നീളുന്നുവെന്ന് സൂചന ലഭിച്ച സുലൈമാൻ മറ്റൊരു വീട്ടിൽ ഒളിവിലായിരുന്നു. ഇതിനിടെ കേസിൽ പ്രതികളെന്ന് സൂചന കിട്ടിയവരുടെയും സംഘടനയിലെ പ്രധാന പ്രവർത്തകരുടെയും വീടുകളിൽ നടത്തിയ റൈയ്ഡിനെ തുടർന്നാണ് സുലൈമാൻ പിടിയിലായത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ സുനിലിനെ വെട്ടി കൊല്ലുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തതിന്റെ വിശദ വിവരം പ്രതി മൊഴി നൽകി.
കേസിലെ മുഖ്യപ്രതി സൈയ്തലവി അൻവരി വിദേശത്ത് ഒളിവിലാണെന്നാണ് സൂചന. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നും ഡിവൈഎസ്പി പറഞ്ഞു. അറസ്റ്റ് സംഘത്തിൽ ഡി വൈ എസ് പി കെ എ സുരേഷ് ബാബുവിനെ കൂടാതെ പെരുമ്പടപ്പ് സി ഐകെ എം ബിജു, എ എസ് ഐമാരായ പ്രമോദ്, അജിത് കുമാർ, സീനിയർ സി പി ഒ മാരായ വിനോദ് കുമാർ, ജയപ്രകാശ്, രാജേഷ്, സി പി ഒ മാരായ പ്രകാശ്, അബ്ദുൾ കലാം, ഷെരീഫ് എന്നിവരുമുണ്ടായിരുന്നു.