താനൂർ: താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകൻ കുപ്പന്റെപുരയ്ക്കൽ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്പ്രതികളുടെഅറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി കുപ്പന്റെ പുരയ്ക്കൽ മുഹീസ്, നാലാംപ്രതി വെളിച്ചാന്റവിടെ മസൂദ്, താഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും സിപിഎം പ്രവർത്തകരാണ്. ഇനി മൂന്ന് പേർ കൂടി അറസ്റ്റിലാവാനുണ്ട്. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ആറുപേരാണ് കൃത്യത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതിൽ നാലുപേരാണ് ഇസ്ഹാഖിനെ വെട്ടിക്കൊന്നത്. രണ്ടുപേർ സഹായികളായുണ്ടായിരുന്നു. മൂന്നുപേരെ പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്ന് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കൊല രാഷ്ട്രീയവൈരാഗ്യം മൂലമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് മലപ്പുറം എസ്.പി യു. അബ്ദുൽകരീം പറഞ്ഞു. കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയൽവാസികളാണ് പ്രതികളെന്നും എസ്.പി. പറഞ്ഞു. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നേരത്തേ സി.പി.എം, ലീഗ് സംഘർഷമുണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. മരിച്ച ഇസ്ഹാഖിന്റെ ബന്ധുവും സി.പി.എം. പ്രവർത്തകനുമായ ഷംസുദ്ദീനെ നേരത്തേ നടന്ന സംഘട്ടനത്തിൽ കാലിൽ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ആ സംഭവവുമായി കൊലയ്ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി. പറഞ്ഞു. എന്നാൽ ഈ കേസിൽ ഇസ്ഹാഖ് പ്രതിയായിരുന്നില്ല.
